മാധ്യമപ്രവർത്തകൻ മരിച്ച സംഭവം; ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ പൊലീസ് ശ്രമം

ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് അദ്ദേഹത്തെ ആദ്യം കൊണ്ടുപോയ ജനറൽ ആശുപത്രിയിലെ ഡോക്ടർ രേഖപ്പെടുത്തിയെങ്കിലും രക്ത സാമ്പിൾ പരിശോധനയ്ക്ക് പൊലീസ് തയ്യാറായില്ല. മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശിച്ചപ്പോൾ ശ്രീറാം സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

സുഹൃത്താണ് വാഹനമോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിക്കാൻ പൊലീസ് തയ്യാറായി എന്നുള്ളതാണ് മറ്റൊരു കാര്യം. സുഹൃത്ത് വഫയെ മെഡിക്കൽ പരിശോധന നടത്താൻ തയ്യാറാകാതിരുന്ന പൊലീസ് സംഭവ സ്ഥലത്ത് നിന്ന് ഇവരെ ടാക്‌സിയിൽ വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടത് പ്രകാരമാണ് നാല് മണിക്കൂറിന് ശേഷം ഇവരെ വിളിച്ച് വരുത്തി പരിശോധന നടത്തുകയായിരുന്നു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അപകട സമയം വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണെന്നാണ് യുവതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. അതിനിടെ ശ്രീറാമിന്റെ അനുവാദം ലഭിക്കാത്തതുകൊണ്ടാണ് രക്തസാമ്പിൾ ശേഖരിക്കാത്തതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അപകടം നടന്ന സ്ഥലത്തിന് നാനൂറ് മീറ്റർ പരിധിയിലുള്ള സിസിടിവികളൊന്നും പ്രവർത്തിക്കുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഇതും ശ്രീറാമിന് അനുകൂലമായുള്ള പൊലീസിന്റെ നീക്കമായി വേണം കരുതാൻ. മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവമെന്നതുകൊണ്ടു തന്നെ സിസിടിവികൾ പ്രവർത്തനരഹിതമാണ് എന്നുള്ള പൊലീസിന്റെ വാദം വിശ്വാസയോഗ്യമല്ല.

ശനിയാഴ്ച പുലർച്ചെയായിരുന്നു ശ്രീറാമിന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറാണ് മരിച്ചത്. ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top