ഇതുവരെ ഹജ്ജിനെത്തിയത് പതിനാറ് ലക്ഷത്തിലധികം വിദേശ തീർത്ഥാടകർ

പതിനാറ് ലക്ഷത്തിലധികം വിദേശ തീർത്ഥാടകർ ഇതുവരെ ഹജ്ജിനെത്തിയതായി മക്ക അമീർ ഖാലിദ് അൽ ഫൈസൽ അറിയിച്ചു. അതേ സമയം ഹജ്ജിനുള്ള അനുമതി ഇല്ലാതെയെത്തിയ മൂന്നേകാൽ ലക്ഷത്തോളം പേരെ പ്രവേശന കവാടങ്ങളിൽ വെച്ച് തിരിച്ചയച്ചു. 8,45,625 വിദേശ തീർത്ഥാടകരാണ് ഇതുവരെ മദീന സന്ദർശിച്ചത്.
ഇതിൽ 6,82,403 തീർത്ഥാടകർ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് തിരിച്ചു. 1,63,176 തീർത്ഥാടകരാണ് ഇപ്പോൾ മദീനയിൽ ഉള്ളത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി മുപ്പത്തിയേഴ് രാജ്യങ്ങളിൽ നിന്നുള്ള 911 തീർത്ഥാടകർ ഇതുവരെ ഹജ്ജിനെത്തി.
Read Also; അനുമതി പത്രമില്ലാതെ ഹജ്ജിനു ശ്രമിച്ച നാലായിരത്തിലേറെ വിദേശികള്‍ നാടു കടത്തല്‍ ഭീഷണിയില്‍
എഴുപത്തിയേഴ് രാജ്യങ്ങളിൽ നിന്നുള്ള ആറായിരം തീർത്ഥാടകരാണ് ഇത്തവണ രാജാവിന്റെ അതിഥികളായി ഹജ്ജ് നിർവഹിക്കുന്നത്. അതേ സമയം ഹജ്ജ് വേളയിൽ ഉണ്ടാകുന്ന പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാനായി ജഡ്ജിമാരുടെ നേതൃത്വത്തിൽ ഇരുപത് കേന്ദ്രങ്ങൾ പുണ്യസ്ഥലങ്ങളിൽ ഉണ്ടാകുമെന്ന് നിയമ മന്ത്രാലയം അറിയിച്ചു.
നിയമ വകുപ്പിന്റെ അഞ്ച് മൊബൈൽ യൂണിറ്റുകളും സേവനത്തിനുണ്ടാകും. ഹജ്ജ് വേളയിൽ ബലി നൽകാനായി ജിദ്ദ സീപോർട്ട് വഴി പന്ത്രണ്ട് ലക്ഷം കാലികളെ ഇതുവരെ ഇറക്കുമതി ചെയ്തു. മതിയായ മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മൃഗങ്ങളെ മക്കയിൽ എത്തിക്കുന്നത്. ബലി മൃഗങ്ങളെ നിയമവിരുദ്ധമായി മക്കയിൽ എത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here