അശ്വിനെതിരെ മുരളി വിജയിന്റെ ‘കൗണ്ടർ അറ്റാക്ക്’; ഇടം കയ്യൻ ബാറ്റിംഗിൽ അതിശയിച്ച് ക്രിക്കറ്റ് ലോകം: വീഡിയോ

ഇന്ത്യൻ ദേശീയ ടീമിലെ സുപ്രധാന താരമായിരുന്ന മുരളി വിജയ് കഴിഞ്ഞ കുറേക്കാലമായി ടീമിനു പുറത്താണ്. ടെസ്റ്റ് മത്സരങ്ങളിൽ തുടർന്നും കളിച്ചിരുന്നുവെങ്കിലും മോശം ഫോമിനെത്തുടർന്ന് അതിൽ നിന്നും പുറത്തായി. വിൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിലും വിജയ് ഇടം പിടിച്ചില്ല. ഇപ്പോൾ തമിഴ്നാട് പ്രീമിയർ ലീഗിൽ റൂബി ത്രിച്ചി വാരിയേഴ്സിന് വേണ്ടി കളിച്ച് കൊണ്ടിരിക്കുകയാണ്‌ മുരളി വിജയ്. മത്സരത്തിൽ ഇടംകയ്യൻ ബാറ്റിംഗ് പുറത്തെടുത്ത വിജയിൻ്റെ പുതിയ ശൈലി ഇപ്പോൾ തരംഗമാവുകയാണ്.

അസാധാരണ ബൗളിംഗ് ആക്ഷനുകളുമായി വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ താരം ആർ അശ്വിനെതിരെയായിരുന്നു മുരളി വിജയിൻ്റെ ഇടംകയ്യൻ ബാറ്റിംഗ്. ഡിണ്ടിഗൽ ഡ്രാഗൺസിൻ്റെ ക്യാപ്റ്റനായ ആർ അശ്വിൻ്റെ സ്പിൻ ബൗളിംഗിനെ സമർത്ഥമായി നേരിട്ട വിജയ് രണ്ട് പന്തുകളാണ് ഇടം കയ്യനായി നേരിട്ടത്. ഒരു പന്തിൽ സിംഗിളിട്ട വിജയ് അടുത്ത പന്ത് ലോംഗ് ഓണിലേക്ക് അടിച്ച് സിംഗിളിനു ശ്രമിച്ചെങ്കിലും അമ്പയർ നോ ബോൾ വിളിച്ചതോടെ ക്രീസിൽ തുടർന്നു. ഫ്രീ ഹിറ്റ് പന്ത് വലം കയ്യനായി നേരിട്ട വിജയ് അത് സിക്സറിനു പറത്തുകയും ചെയ്തു.

മത്സരത്തിൽ 99 റൺസെടുത്ത വിജയിൻ്റെ തകർപ്പൻ ബാറ്റിംഗ് കരുത്തിൽ റൂബി ത്രിച്ചി വാരിയേഴ്സ് 179 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടു വെച്ചെങ്കിലും ഡിണ്ടിഗൽ ഡ്രാഗൺസ് അവസാന ഓവറിൽ വിജയലക്ഷ്യം മറികടന്നു. 105 റൺസെടുത്ത് പുറത്താവാതെ നിന്ന നാരായണൻ ജഗദീശനാണ് ഡിണ്ടിഗൽ ഡ്രാഗൺസിനെ വിജയിപ്പിച്ചത്.

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡുള്ള താരമാണ് മുരളി വിജയ്. ഐപിഎല്ലിൽ 103 മത്സരങ്ങൾ കളിച്ചിട്ടുള്ള വിജയ് രണ്ട് സെഞ്ചുറികളടക്കം 2587 റൺസും നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് 2010, 2011, 2018 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന വിജയ്, കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റനുമായിട്ടുണ്ട്‌.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top