യുവിക്കരുത്ത് വീണ്ടും; അർദ്ധസെഞ്ചുറിപ്പോരാട്ടത്തിലും ടീമിനു തോൽവി

ഗ്ലോബൽ കാനഡ ടി20 ലീഗിൽ വീണ്ടും തകർത്താടി യുവരാജ് സിംഗ്. കഴിഞ്ഞ ദിവസം ബ്രാംപ്റ്റൺ വോൾവ്സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ടൊറൊന്റോ നാഷണൽസ് ടീമിന്റെ നായകൻ കൂടിയായ യുവി തകർത്താടിയത്. വെറും 22 പന്തിൽ 51 റൺസാണ് യുവി അടിച്ച് കൂട്ടിയത്. ബാറ്റിംഗിനൊപ്പം ബൗളിംഗിലും തിളങ്ങിയ യുവി രണ്ട് ഓവറുകളിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.

എന്നാൽ യുവിയുടെ ഓൾറൗണ്ട് പ്രകടനത്തിനും ടീമിനെ രക്ഷിക്കാനായില്ല. വോൾവ്സ് ഉയർത്തിയ 223 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നാഷണൽസ് 11 റൺസിന് പരാജയപെട്ടു. യുവിയുടെ പുറത്താവൽ വരെ വിജയപ്രതീക്ഷയുണ്ടായിരുന്ന നാഷണൽസിന് അവസാന ഓവറുകളിലാണ് അടിപതറിയത്.

ആദ്യം ബാറ്റ് ചെയ്ത ബ്രാംപ്റ്റൺ വോൾവ്സ് 66 റൺസെടുത്ത ജോർജ്ജ് മൻസിയുടേയും, 18 പന്തിൽ 48 റൺസ് നേടിയ ബാബർ ഹയാത്തിന്റേയും ബാറ്റിംഗ് മികവിലാണ് നിശ്ചിത 20 ഓവറിൽ 222/6 എന്ന പടുകൂറ്റൻ സ്കോറിലെത്തിയത്. കൂറ്റൻ പിന്തുടർന്ന ടൊറൊന്റോയും നന്നായിട്ടു തന്നെയാണ് തുടങ്ങിയത്. 15 പന്തിൽ 28 റൺസ് നേടിയ റൊഡ്രിഗോ തോമസും, 22 പന്തിൽ 36 റൺസെടുത്ത ബ്രണ്ടൻ മക്കല്ലവും ചേർന്ന് ടീമിന് മികച്ച തുടക്കം സമ്മാനിച്ചു.

നാലാമനായി യുവി ഇറങ്ങിയതോടെ കളി ടോറൊന്റോയുടെ വരുതിയിലായി. എതിർ ബോളർമാരെയെല്ലാം കണക്കറ്റ് പ്രഹരിച്ച യുവി വെറും 22 പന്തുകളിൽ 3 ബൗണ്ടറികളും, 5 സിക്സറുകളുമടക്കം 51 റൺസെടുത്തു. യുവി പുറത്താകുമ്പോൾ 15.3 ഓവറിൽ 169/5 എന്ന ശക്തമായ നിലയിലായിരുന്ന നാഷണൽസിന് പിന്നീട് വന്ന ബാറ്റ്സ്മാന്മാർ തിളങ്ങാതിരുന്നതാണ് തിരിച്ചടിയായത്. 7 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് മാത്രമേ അവർക്ക് എടുക്കാൻ സാധിച്ചുള്ളൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top