ഇന്ത്യക്കെതിരായ 2003 ലോകകപ്പ് തോൽവി; നായകൻ വഖാർ യൂനിസിനെ വിമർശിച്ച് ഷൊഐബ് അക്തർ

2003 ലോകകപ്പിൽ ഇന്ത്യയോട് പരാജയപ്പെട്ടതിനു കാരണം വഖാർ യൂനിസിൻ്റെ മോശം ക്യാപ്റ്റൻസിയായിരുന്നുവെന്ന് അന്നത്തെ പാക്കിസ്ഥാൻ ടീം അംഗം ഷൊഐബ് അക്തർ. തൻ്റെ കരിയറിലെ ഏറ്റവും മോശം മത്സരമായിരുന്നു അതെന്നും ശ്രദ്ധിച്ചിരുന്നെങ്കിൽ തങ്ങൾക്ക് കളിയിൽ വിജയിക്കാൻ സാധിക്കുമായിരുന്നുവെന്നും അക്തർ പറഞ്ഞു.

‘പാകിസ്ഥാന്റെ ഇന്നിങ്‌സിന് ശേഷം ഞാന്‍ സഹതാരങ്ങളോട് പറഞ്ഞു, 30-40 റണ്‍സ് കുറവാണ് നമ്മള്‍ എടുത്തിരിക്കുന്നത് എന്ന്. അത് കേട്ടതും സഹതാരങ്ങള്‍ എന്നോട് കയര്‍ത്തു. 273 റണ്‍സ് പോരെങ്കില്‍ പിന്നെ എത്രയാണ് വേണ്ടത് എന്നാണ് അവര്‍ ചോദിച്ചു. ഇന്ത്യയെ ഓള്‍ഔട്ടാക്കാന്‍ സാധിക്കുമെന്നാണ് സഹതാരങ്ങള്‍ പറഞ്ഞത്. എന്നാല്‍, എനിക്കറിയാമായിരുന്നു, ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് അതെന്നും, രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനും പിച്ചില്‍ നിന്ന് ആ ആനുകൂല്യം ലഭിക്കുമെന്നും.

മത്സരത്തിൻ്റെ തലേന്ന് കാലിൽ അഞ്ച് ഇഞ്ചക്ഷനുകൾ എടുക്കേണ്ടി വന്നിരുന്നു. ഞങ്ങളുടെ ഇന്നിംഗ്സ് കഴിഞ്ഞ് ഫീൽഡിലിറങ്ങിയപ്പോഴാണ് കാല് മരവിച്ചിരിക്കുവെന്ന് ഞാൻ മനസ്സിലാക്കിയത്. അതുകൊണ്ടു തന്നെ എനിക്ക് നന്നായി പന്തെറിയാൻ കഴിഞ്ഞില്ല. എൻ്റെ റണ്ണപ്പിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടക്കം മുതല്‍ സച്ചിനും സെവാഗും ചേര്‍ന്ന് ആക്രമിച്ച് കളിക്കുകയായിരുന്നു. എന്റെ ഡെലിവറിയില്‍ അവർ സിക്‌സ് വരെ പറത്തി. ഈ സമയം എങ്ങനെ ബൗള്‍ ചെയ്യണം, ബ്രേക്ക്ത്രൂ ടീമിന് നേടിക്കൊടുക്കണം എന്ന് എനിക്ക് ഒരു രൂപവുമുണ്ടായില്ല.

ആക്രമണം തുടർന്നപ്പോഴാണ് വഖാർ യൂനിസ് എന്നെ മാറ്റിയത്. തുടർന്ന് രണ്ടാം സ്പെല്ലിൽ എനിക്ക് സച്ചിൻ്റെ വിക്കറ്റ് വീഴ്ത്താൻ സാധിച്ചു. എന്റെ ഷോര്‍ട്ട് പിച്ച്ഡ് ഡെലിവറിയിലാണ് സച്ചിന്‍ വീണത്. അപ്പോള്‍ ഞാന്‍ നായകനോട് പറഞ്ഞു, ‘തുടക്കം മുതല്‍ ഞാന്‍ ഇങ്ങനെയായിരുന്നു പന്തെറിയേണ്ടിയിരുന്നത്’. 1999ലും 2003ലും ഞങ്ങള്‍ക്ക് ഇന്ത്യയെ തോല്‍പ്പിക്കാമായിരുന്നു. എന്നാല്‍ കഴിഞ്ഞില്ല. അതാണ് ഏറെ നിരാശപ്പെടുത്തുന്നത്. ഇപ്പോഴും ആ തോല്‍വിയില്‍ എനിക്ക് കുറ്റബോധമുണ്ട്. എന്റെ ഫിറ്റ്‌നസിലെ പ്രശ്‌നവും, മോശം ക്യാപ്റ്റന്‍സിയും അവിടെ ഞങ്ങളെ തോല്‍പ്പിച്ചു’- അക്തർ പറയുന്നു

2003, മാര്‍ച്ച് ഒന്നിന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ സച്ചിന്റെ 98 റണ്‍സിന്റെ മികവിലാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപിച്ചത്. 274 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാല് ഓവര്‍ ബാക്കി നില്‍ക്കെ മറികടന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top