Advertisement

ഓർമ്മയായത് ബിജെപിക്ക് ജനകീയ മുഖം നൽകിയ, സാമൂഹ്യ മാധ്യമങ്ങളിലൂടെ അനേകമാളുകളുടെ കണ്ണീരൊപ്പിയ നേതാവ്

August 7, 2019
Google News 0 minutes Read

ഇന്ത്യയുടെ ചരിത്രത്തിലേക്ക് നടന്നുകയറിയ വനിത, ബിജെപിക്ക് ജനകീയ മുഖം നല്‍കിയ നേതാവ്, രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യം, സാമൂഹ്യ മാധ്യമങ്ങളിലൂടെ അനേകമാളുകളുടെ കണ്ണീരൊപ്പിയ മന്ത്രി… നാല് പതിറ്റാണ്ട് കാലം നീണ്ടു നിന്ന സുഷ്മ സ്വരാജെന്ന രാഷ്ട്രീയ നേതാവിന്‍റെ ജീവിതം രേഖപ്പെടുത്തിയത് നിരവധി വിശേഷണങ്ങളാണ്.

ആദ്യ നരേന്ദ്ര മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷ്മാ സ്വരാജ് ആരോഗ്യ കാരണങ്ങളാല്‍ രണ്ടാം മോദി സര്‍ക്കാരില്‍നിന്ന് സ്വയം പിന്മാറുകയായിരുന്നു. ബിജെപിയുടെ നാല് കേന്ദ്ര സര്‍ക്കാരുകളിലും ആരോഗ്യം, വാര്‍ത്താ വിനിമയമടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത സുഷ്മ സ്വരാജ് വാക്കിലും നോക്കിലും തീപ്പൊരി നേതാവായിരുന്നു.

എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് സുഷ്മ സ്വരാജ് പൊതുരംഗത്തെത്തിയത്. 1980 ല്‍ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞു പുതിയ പാര്‍ട്ടി രൂപീകരിച്ചതു മുതൽ ബിജെപിക്കൊപ്പമുണ്ട്. 25ാം വയസ്സിലായിരുന്നു ആദ്യ മത്സരം. 1977 ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ദേവ് രാജ് ആനന്ദിനെ പരാജയപ്പെടുത്തി ദേവിലാല്‍ സര്‍ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ കാമ്പിനറ്റ് മന്ത്രിയായി. ഡല്‍ഹിയില്‍ എടുത്തു പറയാന്‍ നേതാക്കളില്ലാതിരുന്നുപ്പോഴാണു പാര്‍ട്ടി നേതൃത്വം തലസ്ഥാനത്തേക്ക് നിയോഗിച്ചത്. 1998ൽ ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സുഷ്മാ സ്വരാജ്. 4 തവണ ലോക്സഭയിലും 3 തവണ രാജ്യസഭാംഗവുമായ സുഷ്മ സ്വരാജ് 15ാം ലോക്സഭയുടെ പ്രതിപക്ഷ നേതാവുമായി.

1999 ല്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയ ഗാന്ധിക്കെതിരെയുള്ള മത്സരം സുഷ്മയുടെ രാഷ്ട്രീയ ജീവിതത്തിലെ സംഭവബഹുലമായ ഏടുകളിലൊന്നാണ്. അന്നു കന്നഡ പഠിച്ച്, കന്നടയില്‍ പ്രസംഗിച്ച് ബെല്ലാരി ഉഴുതുമറിച്ചെങ്കിലും അവസാനം പൊരുതി വീണു. 5 വര്‍ഷങ്ങള്‍ക്ക് ശേഷം സോണിയ പ്രധാനമന്ത്രിയായാൽ തല മുണ്ഡനം ചെയ്യുമെന്നു ഭീഷണി മുഴക്കിയതും നിര്‍ണായകമായി.

ഇക്കഴിഞ്ഞ അഞ്ചു വര്‍ഷവും വിദേശത്തു വിഷമതകള്‍ നേരിടുന്ന ഇന്ത്യക്കാര്‍ക്കെല്ലാം ആശ്രയിക്കാവുന്ന അടുത്ത ബന്ധുവിന്‍റെ സ്ഥാനമായിരുന്നു സുഷ്മ സ്വരാജിന്‍റേത്. രണ്ടാം മോദി സര്‍ക്കാരിലുണ്ടൊവില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ വേദനയും നന്ദിയും അറിയിച്ച് രാഷ്ടീയ ഭേദമന്യേ പ്രതികരണങ്ങള്‍ നിറയുകയായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍. ഗബ്ബര്‍ സിങ് എന്ന ട്വിറ്റര്‍ ഹാന്‍ഡ്ലര്‍ ഇങ്ങനെ എഴുതി. സര്‍ക്കാരുകള്‍ മാറിയേക്കാം, മന്ത്രിസഭ മാറിയേക്കാം, പക്ഷേ ഏറ്റവും ഇഷ്ടപ്പെടുന്ന മന്ത്രിയായി സുഷമ സ്വരാജ് രാജ്യത്തിന്‍റെ ഹൃദയത്തില്‍ എന്നുമുണ്ടാകും.

മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. ബൻസൂരി ഏക പുത്രിയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here