കോട്ടയത്ത് മഴ ശക്തം; പടിഞ്ഞാറൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു

ശക്തമായ മഴ തുടരുന്ന കോട്ടയം ജില്ലയിൽ പടിഞ്ഞാറൻ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. മലയോര മേഖലയിൽ നിന്നെത്തിയ പ്രളയജലം മൂലം മീനച്ചിലാറും, മൂവാറ്റുപുഴയാറും കരകവിഞ്ഞ് ഒഴുകി. ഇതോടെയാണ് കോട്ടയം നഗരത്തോട് ചേർന്ന പ്രദേശങ്ങളും അപ്പർ കുട്ടനാട് മേഖലയും വെള്ളത്തിനടിയിലായത്. നാലായിരത്തിലധികം പേരെയാണ് കോട്ടയം ജില്ലയിൽ മാറ്റി പാർപ്പിച്ചത്.
കിഴക്കൻ മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ മീനച്ചിലാർ കരകവിഞ്ഞാണ് കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളമെത്തിയത്. കുമരകം ഐമനം തിരുവാർപ്പ് പ്രദേശങ്ങളിലെ ജലനിരപ്പ് ഗതാഗത തടസത്തിനു വഴിവച്ചു. മൂവാറ്റുപുഴയാർ പൂർണമായി നിറഞ്ഞതോടെ, തലയോലപ്പറമ്പ്- വൈക്കം പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളം കയറി ഒറ്റപ്പെട്ടു. ഇവിടെ നിന്ന് പ്രളയ ജലം അപ്പർ കുട്ടനാട് മേഖലകളിലേക്ക് പരന്നു. കല്ലറ, ഇടയാർ, വെള്ളൂർ, മുണ്ടാർ, കോരിക്കൽ, എഴുമാന്തുരുത്ത് പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
Read Also : കണ്ണൂർ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; ജില്ലയിൽ ഇന്ന് മാത്രം മരിച്ചത് മൂന്ന് പേർ
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ആയിരങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. കോട്ടയം, വൈക്കം താലൂക്കുകളിലാണ് ഏറ്റവുമധികം പേർ ക്യാമ്പിലുള്ളത്. എന്നാൽ ജില്ലയിൽ ഒരിടത്തും കാര്യമായ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈക്കം തലയോലപ്പറമ്പ് റോഡിൽ വെള്ളക്കെട്ടുള്ളതിനാൽ ബസ് സർവീസുകൾ നിലച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കെഎസ്ആർടിസി സർവീസ് നിർത്തി വെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here