നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചു

കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതിനാൽ പ്രവർത്തനം നിർത്തിവെച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു. ഉച്ചയ്ക്ക് 12.20 നാണ് അബുദാബി-കൊച്ചി ഇൻഡിഗോ വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറങ്ങിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളം അടച്ചത്. പെരിയാറിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ചെങ്ങൽ തോട് വഴിയാണ് വിമാനത്താവളത്തിലേക്ക് വെള്ളമെത്തിയത്. പുറപ്പെടാൻ തയ്യാറായിരുന്ന എട്ട് വിമാനങ്ങൾ അപ്രതീക്ഷിതമായെത്തിയ വെള്ളത്തെ തുടർന്ന് റദ്ദാക്കിയിരുന്നു.
റൺവേയിലെ വെള്ളം പത്തിലധികം മോട്ടോറുകൾ ഉപയോഗിച്ച് പുറത്തേക്ക് കളഞ്ഞും ശുചീകരണ ജോലികൾ പൂർത്തിയാക്കിയുമാണ് ഇന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചിരിക്കുന്നത്. 1.20 ന് മസ്‌ക്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും നെടുമ്പാശ്ശേരിയിലിറങ്ങും.1.30 ന് തിരുവനന്തപുരത്തേക്കുള്ള വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും.
കനത്ത മഴയെ തുടർന്ന് തടസ്സപ്പെട്ട പാലക്കാട്-ഒറ്റപ്പാലം, പാലക്കാട്-ഷൊർണൂർ പാതകളിൽ ട്രെയിൻ ഗതാഗതം ഉച്ചയോടെ പുന:സ്ഥാപിച്ചിരുന്നു. തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്പ്രസ് , തിരുവനന്തപുരം- സിൽച്ചാർ എക്‌സ്പ്രസ് പതിവു പോലെ എറണാകുളം പാലക്കാട് വഴി സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എറണാകുളം ബാഗ്ലൂർ ഇന്റർ സിറ്റി എക്‌സ്പ്രസും പാലക്കാട് കോയമ്പത്തൂർ വഴി പതിവു പോലെ ഇന്ന് സർവീസ് നടത്തും. ഷൊർണ്ണൂർ- മംഗലാപുരം റൂട്ടിൽ ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ഈ റൂട്ടിൽ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here