ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായിലെ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു

മിനായിലെ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറ്റവും കൂടുതല്‍ കര്‍മങ്ങള്‍ അനുഷ്ടിക്കാനുള്ള ദിവസമായിരുന്നു ഇന്ന്. ഇന്ന് മുതല്‍ മൂന്നു ദിവസം മിനായിലെ തമ്പുകളില്‍ താമസിച്ചാണ് തീര്‍ഥാടകര്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുക. കേരളത്തെ പ്രളയക്കെടുതികളില്‍ നിന്നും മോചിപ്പിക്കണമെന്ന പ്രാര്‍ഥനകളുമായി മലയാളീ തീര്‍ഥാടകര്‍.

അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞു ഇന്ന് രാവിലെ ഹജ്ജ് തീര്‍ഥാടകര്‍ മിനായില്‍ തിരിച്ചെത്തി. മിനായിലെ ജമ്രകളില്‍ കല്ലേറ് കര്‍മം ആരംഭിച്ചു. മൂന്നു ജമ്രകളില്‍ പ്രധാനപ്പെട്ട ജമ്രയായ ജമ്രത്തുല്‍ അഖബയില്‍ മാത്രമാണ് ഇന്ന് തീര്‍ഥാടകര്‍ കല്ലെറിയുന്നത്. ഇന്നലെ മുസ്ദലിഫയില്‍ നിന്നും ശേഖരിച്ച ഏഴു കല്ലുകളാണ് ജമ്രയില്‍ എറിയുന്നത്. ബഹുനില ജമ്രാ പാലത്തില്‍ അനായാസം കല്ലെറിയാനുള്ള സൗകര്യം തീര്‍ഥാടകര്‍ക്കുണ്ട്. തിരക്കൊഴിവാക്കാന്‍ പലരും രാത്രിയായിയിരിക്കും കല്ലേറ് കര്‍മം നിര്‍വഹിക്കുക. തീര്‍ഥാടകര്‍ക്ക് ഏറ്റവും തിരക്കേറിയ ദിവസമാണ് ഇന്ന്. ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുക, മക്കയില്‍ ചെന്ന് കഅബയെ പ്രദിക്ഷണം വെക്കുക, ബലിയറുക്കുക, മുടിയെടുക്കുക തുടങ്ങിയവ ഇന്ന് പൂര്‍ത്തിയാക്കുന്നു. കര്‍മങ്ങള്‍ നിര്‍വഹിച്ച് തീര്‍ഥാടകര്‍ മിനായിലെ തമ്പുകളില്‍ തിരിച്ചെത്തും. കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും മോചിപ്പിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് മലയാളികളായ തീര്‍ഥാടകര്‍.

ഇന്നത്തെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ തീര്‍ഥാടകര്‍ ഇഹ്‌റാമിന്റെ പ്രത്യേക വസ്ത്രം മാറ്റി സാധാരണ വസ്ത്രം ധരിക്കും. തിരക്ക് ഒഴിവാക്കാന്‍ ജംറയിലേക്ക് പോകാനും വരാനും നടപ്പാതകളില്‍ ഒണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24,89,406 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നതായാണ് കണക്ക്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.96% കൂടുതലാണ്. അതേസമയം സൗദി ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More