മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വയനാട്, മലപ്പുറം ജില്ലകളാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. കളക്ടര്‍മാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിനുശേഷമാണ് തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ അറിയിച്ചു.
മഴ കുറഞ്ഞത് മണ്ണിടിഞ്ഞ മേഖലകളിലെ തെരച്ചില്‍ കുടുതല്‍ സുഗമമാക്കിയിട്ടുണ്ടെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായി യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വെള്ളപ്പൊക്കമേഖലകളിലും നദികളിലും വെള്ളം കുറഞ്ഞുവരുന്നതായി കളക്ടര്‍മാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ കാര്യങ്ങളില്‍ പ്രത്യേകശ്രദ്ധ ഉറപ്പാക്കാനും തീരുമാനമായി. തകരാറിലായ വൈദ്യുതി പോസ്റ്റുകളും ലൈനുകളും അതിവേഗത്തില്‍ പുനഃസ്ഥാപിച്ച് വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബി നടപടികളെടുക്കുന്നുണ്ട്.
ആലപ്പുഴ ജില്ലയില്‍ ബണ്ടുകള്‍ മുറിഞ്ഞ് വെള്ളം കയറാതിരിക്കാന്‍ ജാഗ്രത തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്പുകള്‍ അവസാനിച്ചാലും താമസിക്കാനായി താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. അത്തരം ക്യാമ്പുകള്‍ക്കായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യത്തിന് ശൗചാലയങ്ങള്‍ ക്യാമ്പുകളില്‍ ഉറപ്പാക്കണം. വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ വീടുകള്‍ വൃത്തിയാക്കുന്നതിന് പ്രത്യേകം ശ്രദ്ധ വേണം.
പ്രദേശത്തിന്റെ സാധ്യതകള്‍ പരിശോധിച്ച് വൃത്തിയാക്കലിന് സൗകര്യം ഒരുക്കണം. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സേവനവും സഹകരണവും ഉറപ്പാക്കണം. ചില ടൗണുകളിലാകെ വെള്ളം കയറി കടകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്. ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കടക്കാര്‍ക്ക് അത് ലഭിക്കാനുള്ള സഹായങ്ങളും നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here