ദുരിതബാധിതർക്കൊപ്പം എപ്പോഴുമുണ്ടാകും; ദുരന്തത്തെപ്പറ്റി പ്രധാനമന്ത്രിയുമായി സംസാരിച്ചതായും രാഹുൽ ഗാന്ധി

വയനാട്ടിലെ ദുരിത ബാധിതർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും വയനാട് എം.പി രാഹുൽ ഗാന്ധി. വയനാട്ടിലെ പ്രകൃതി ദുരന്തങ്ങളെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചതായും കേന്ദ്രസഹായം ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ദുരന്തമേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി. പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകാനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.
Read Also; കോട്ടക്കുന്ന് ഉരുൾപൊട്ടലിൽ കാണാതായ സരോജിനിയുടെ മൃതദേഹം കണ്ടെത്തി
പ്രകൃതി ക്ഷോഭത്തിൽ തകർന്ന വയനാടിനെ കൈപിടിച്ചുയർത്താൻ താൻ കൂടെയുണ്ടാകുമെന്നും രാഹുൽ പറഞ്ഞു. വയനാട്,മലപ്പുറം ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി ഇന്നലെയാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. വൈകീട്ട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുൽ തുടർന്ന്, ഉരുൾ പൊട്ടലിൽ വൻ നാശനഷ്ടങ്ങളുണ്ടായ കവളപ്പാറ സന്ദർശിക്കാനെത്തി. കവളപ്പാറയിലെ ഉരുൾപൊട്ടലിൽ നിന്നും രക്ഷപ്പെട്ടവർ താമസിക്കുന്ന പോത്തുകല്ലിലെ ക്യാമ്പിലേക്കാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായവർ ക്യാമ്പിലെത്തിയ രാഹുലുമായി വേദനകൾ പങ്കുവെച്ചു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിയോടൊപ്പം കവളപ്പാറയിൽ എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനത്തിന് ശേഷം, ഉരുൾപൊട്ടലുണ്ടായ പ്രദേശവും കണ്ടാണ് രാഹുൽ മടങ്ങിയത്. തുടർന്ന് മമ്പാടും എടവണ്ണയിലുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കൂടി രാഹുൽ സന്ദർശനം നടത്തിയിരുന്നു. രാത്രി കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലും രാഹുൽഗാന്ധി പങ്കെടുത്തു. ഇന്ന് വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here