ഒരങ്ങാടി തെളിവുപോലും അവശേഷിക്കാതെ പാതാറിനെ വിഴുങ്ങി പ്രളയം

ഉരുള്‍പൊട്ടലില്‍ തിരക്കേറിയ ഒരങ്ങാടി തെളിവുപോലും അവശേഷിക്കാതെ ഇല്ലാതായതിന്റെ കഥയാണ് നിലമ്പൂര്‍ പോത്തുകല്‍ പഞ്ചായത്തിലെ പാതാറിന് പറയാനുള്ളത്. ഉരുള്‍പ്പൊട്ടലുണ്ടാകുമെന്ന ഉള്‍വിളിയില്‍ ഗ്രാമവാസികള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോവുകയായിരുന്നു. ഒട്ടേറെ മനുഷ്യജീവിതങ്ങളെ മണ്ണെടുത്ത, തൊട്ടപ്പുറത്തുള്ള കവളപ്പാറയിലേക്ക് എല്ലാ ശ്രദ്ധയും തിരിഞ്ഞപ്പോള്‍ പാതാറിന്റെ നിലവിളി ആരും ശ്രദ്ധിച്ചില്ല.
പലചരക്കുകടകള്‍, ചായക്കടകള്‍, ബാര്‍ബര്‍ഷോപ്പ്, റേഷന്‍കട എന്നുതുടങ്ങി ഇടവിട്ടിടവിട്ട് വീടുകളുമുള്ള ഒരു നാട്ടിന്‍പുറ അങ്ങാടി. ഒരുപാലവും അതിനപ്പുറവും ഇപ്പുറവും നാട്ടുകാരുടെ സൗഹൃദക്കൂട്ടവും സജീവമായിരുന്നു. എല്ലാം എട്ടാം തിയതിയുണ്ടായ ഉരുള്‍പൊട്ടല്‍ വരെ. പാറക്കഷണങ്ങളും തടികളും നിറഞ്ഞ, മുന്‍പിവിടെ കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു എന്നുപോലും തോന്നിപ്പിക്കാത്ത ഒരിടമാണിന്ന് പാതാര്‍. ഇനി ഉരുള്‍പൊട്ടലിനു മുന്‍പുള്ള ഈ പ്രദേശത്തിന്റെ ദൃശ്യങ്ങള്‍ കൂടുതല്‍ കഥപറയും.
തേന്‍പാറ മലയില്‍ നിനച്ചിരിക്കാതെയെത്തിയ ഉരുള്‍പൊട്ടലില്‍ നിന്ന് കഷ്ടിച്ചാണ് നാട്ടുകാര്‍ രക്ഷപ്പെട്ടത്. സ്വന്തം വീടും നാടും അപ്രത്യക്ഷമായതിന്റെ നടുക്കത്തിലും തൊട്ടപ്പുറത്തു കവളപ്പാറയില്‍ കാണാതായ അന്‍പതിലേറെ പേരെ രക്ഷിക്കാന്‍ ഓടിയെത്തിയവരില്‍ പാതാറുകാരുമുണ്ടായിരുന്നു. ഒരായുസിന്റെ സമ്പാദ്യത്തിനു മുകളിലൂടെയാണ് അരുവിയൊഴുകുന്നത്. ഇനിയെന്ത് എന്ന ചോദ്യത്തിന്, നിസംഗമായ കൈമലര്‍ത്തല്‍ മാത്രമാണ് ഈ നാട്ടുകാര്‍ക്ക് മറുപടിയായുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here