ഇന്ത്യൻ പരിശീലകൻ; ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് ടോം മൂഡിയും റോബിൻ സിംഗും ഉൾപ്പെടെ ആറു പേർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ പരിശീലക സ്ഥാനത്തേക്കുള്ള അവസാന വട്ട ഷോർട്ട് ലിസ്റ്റിൽ ആറു പേർ. ഈ ആറു പേരിൽ നിന്നാവും ഇന്ത്യയുടെ അടുത്ത പരിശീലകനെ ഉപദേശക സമിതി തിരഞ്ഞെടുക്കുക. ആകെ ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ നിന്നാണ് ആറു പേരിലേക്ക് പട്ടിക ചുരുക്കിയത്.

ഉപദേശക സമിതി അറിയിച്ചതു പോലെ ഇന്ത്യക്കാർക്ക് തന്നെയാണ് മുൻഗണന. പരിശീലന മേഖലയിൽ മുൻപരിചയമില്ലാത്ത ഇന്ത്യൻ താരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിലെ പരിശീലകൻ രവി ശാസ്ത്രിക്കൊപ്പം മുൻ ഇന്ത്യൻ താരം റോബിൻ സിംഗ്, ഇന്ത്യൻ ടീമിന്റെ മുൻ മാനേജറായിരുന്ന ലാൽചന്ദ് രജ്പുത് എന്നിവരാണ് ഇന്ത്യൻ പരിശീലകരായി പരിഗണനയിലുള്ളത്. ഒപ്പം മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക് ഹെസൺ, സൺ റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായിരുന്ന ടോം മൂഡി, മുൻ വിൻഡീസ് താരവും നിലവിലെ അഫ്ഗാനിസ്ഥാൻ പരിശീലകനുമായ ഫിൽ‌ സിമ്മൺസ്, എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നു.

വെള്ളിയാഴ്ച ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ബിസിസിഐ ഈ 6 പേരെയും അറിയിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് നയിക്കുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് ഈ അഭിമുഖം നടത്തുക. കപിൽദേവിന് പുറമേ മുൻ ഇന്ത്യൻ വനിതാ താരം ശാന്ത രംഗസ്വാമി, മുൻ പരിശീലകൻ അൻഷുമാൻ ഗെയിക്ക്വാദ് എന്നിവരാണ് ഈ സമിതിയിലുള്ളത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More