Advertisement

‘ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയ വെറി തീർക്കുന്നവർ’; യാഥാർത്ഥ്യം തുറന്നുകാട്ടി ഉണ്ണിമുകുന്ദൻ

August 13, 2019
Google News 0 minutes Read

പ്രളയക്കെടുതിയിൽ ഒരുമിച്ച് നിൽക്കേണ്ട സാഹചര്യത്തിലും കുത്തിതിരിപ്പുണ്ടാക്കാനുള്ള ചിലരുടെ ശ്രമത്തെ തുറന്നുകാട്ടി നടൻ ഉണ്ണി മുകുന്ദൻ. കോഴിക്കോട് ചെറുവണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന്റെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ ചിത്രത്തിന് മുന്നിൽ ചിരിക്കുന്ന ഇമോജിയിട്ട് രാഷ്ട്രീയവെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയമാണിത്. ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദ് സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്. ഇരുവരും കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കിയല്ല അതൊക്കെ ചെയ്തത്. ഈ ഒരു അവസാന നിമിഷമെങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണമെന്ന് പ്രാർത്ഥിക്കണമെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് ചെറുവണ്ണൂരിൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മരണപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ. നേരം വെളുത്തപ്പോൾ സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു. രാഷ്ട്രീയവും ജാതിയും മതവും മറന്ന് ഒന്നിക്കേണ്ട സമയം ആണിത്,ലിനു സ്വന്തം ജീവൻ ബലിയാടാക്കി മരിച്ചതും നൗഷാദിക്ക സ്വന്തമെന്ന് ഉള്ളതെല്ലാം തന്ന് ജീവിക്കുന്നതും നമുക്ക് വേണ്ടിയാണ്.ഇരുവരും ഇത് കൊടിയുടെ നിറമോ മതത്തിന്റെ പെരുമായോ നോക്കി ചെയ്തത് അല്ല, ഈ ഒരു അവസാന നിമിഷം എങ്കിലും ഈ ഒരു ചേരിതിരിവ് മറന്ന് എല്ലാവരും ഒന്നിക്കണം എന്ന് പ്രാർത്ഥിക്കുന്നു.

കഴിഞ്ഞ ദിവസമാണ് രക്ഷാപ്രവർത്തനിടെ കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം പൊന്നത്ത് ലിനു മരിച്ചത്. ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവർത്തനത്തിന് പോയത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉൾപ്പെട്ട യുവാക്കൾ രക്ഷാപ്രവർത്തനത്തിന് പോയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവർത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു ലിനു ക്യാമ്പിലേക്ക് വന്നത്. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാമ്പിലുണ്ടായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here