ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും; തീര്‍ത്ഥാടകര്‍ മടക്ക യാത്രയുടെ തിരക്കില്‍

ഹജ്ജ് കര്‍മങ്ങള്‍ ഇന്ന് അവസാനിക്കും. തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇന്നലെ തന്നെ മിനായില്‍ നിന്ന് മടങ്ങിയിരുന്നു. ഇത്തവണത്തെ ഹജ്ജ് ഓപറേഷന്‍ വിജയകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ന് നടക്കുന്ന ജമ്രകളിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാകുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് വിരാമമാകും. സൂര്യന്‍ അസ്തമിക്കുന്നതിനു മുമ്പായി എല്ലാ തീര്‍ഥാടകരും മിനായില്‍ നിന്ന് മടങ്ങും. ഭൂരിഭാഗം തീര്‍ഥാടകരും ഇന്നലെ തന്നെ കര്‍മങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയെത്തിയ ഒരു ലക്ഷത്തി നാല്‍പതിനായിരത്തോളം തീര്‍ഥാടകരില്‍ എണ്ണായിരത്തോളം തീര്‍ഥാടകര്‍ ഒഴികെ എല്ലാവരും ഇന്നലെ തന്നെ കര്‍മങ്ങള്‍ അവസാനിപ്പിച്ച് മിനായില്‍ നിന്ന് മടങ്ങിയിരുന്നു. സമാധാനപരമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.
മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ തവാഫ് നിര്‍വഹിക്കുകയാണ് പല തീര്‍ഥാടകരും ഇപ്പോള്‍. വിടവാങ്ങല്‍ തവാഫ് നിര്‍വഹിക്കാന്‍ ഹറം പള്ളിയില്‍ തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുക്കാന്‍ തീര്‍ഥാടകരോട് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. വിദേശ തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇത്തവണത്തെ ഹജ്ജ് ഓപറേഷന്‍ വിജയകരമാണെന്നും സമാധാനപരമായി രണ്ടര ദശലക്ഷത്തോളം തീര്‍ഥാടകര്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയതായും മക്ക ഗവര്‍ണറും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു. ഹജ്ജ് നിയമലംഘകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇരുപത്തിയൊമ്പത് ശതമാനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. 2,98,000 നിയമ ലംഘകരാണ് ഇത്തവണ പിടിയിലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here