Advertisement

പെഹ്‌ലുഖാൻ നിങ്ങൾക്ക് നീതി അവർ മനപൂർവം നിഷേധിച്ചതാണ്

August 15, 2019
Google News 3 minutes Read

രതി വികെ/

പെഹ്‌ലുഖാൻ, കോടതിയുടെ നീതി നിഷേധത്തിന് ഇരയായ മനുഷ്യൻ. 2017 ന് ശേഷം പെഹ്‌ലുഖാൻ വീണ്ടും ചർച്ചയാകുന്നത്, അദ്ദേഹത്തെ തല്ലിക്കൊന്നവരെ കോടതി നിരുപാധികം വിട്ടയച്ചതോടെയാണ്. പെഹ്‌ലുഖാനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം ഹാജരാക്കിയിട്ടും കോടതിയുടെ കണക്ക് പുസ്തകത്തിൽ പ്രതികൾ എങ്ങനെ നിരപരാധികളായി? കേസിന്റെ തുടർ നടപടികളിൽ പൊലീസും പ്രോസിക്യൂഷനും വരുത്തിയ വീഴ്ച തന്നെയാണ് അതിനുള്ള പ്രധാനകാരണം.

തെളിവുകൾ ഹാജരാക്കുന്നതിലും ദൃക്‌സാക്ഷികളെ വിസ്തരിക്കുന്നതിലും വാദിഭാഗം പരാജയപ്പെട്ടു. പെഹ്‌ലുഖാനെ മർദിക്കുന്നതിന്റെ അവ്യക്തമായ ഒരു വീഡിയോയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. അതിൽ നിന്നുതന്നെ പൊലീസിന്റെ വീഴ്ച വ്യക്തമാണ്. പെഹ്‌ലുഖാനെ മർദിക്കുന്ന പ്രതികളുടെ മുഖം വ്യക്തമാകുന്ന വീഡിയോ പല മാധ്യമങ്ങളിലും വന്നിട്ടും പ്രതികൾ തന്നെ മർദനത്തിന്റെ കാര്യം തുറന്നുപറഞ്ഞിട്ടും പൊലീസ് എന്തുകൊണ്ടാണ് അവ്യക്തമായ വീഡിയോ ഹാജരാക്കാൻ നിർബന്ധം പിടിച്ചത്? വീഡിയോ അവ്യക്തമാണെന്നും അത് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണല്ലോ പ്രതികൾക്ക് കോടതിയുടെ ആനുകൂല്യം ലഭിച്ചത്.

സാക്ഷികളെ ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ വരുത്തിയ വീഴ്ച കേസിൽ തിരിച്ചടിയായി. പെഹ്‌ലുഖാനെ മർദിക്കുന്നത് കണ്ട ആരും പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞില്ല. പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് കുറ്റം സമ്മതിക്കുന്നതിൽ പൊലീസിനും പ്രോസിക്യൂഷനും ഗുരുതര പിഴവ് സംഭവിച്ചു. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോയതാണ് എടുത്തുപറയേണ്ട മറ്റൊരു വീഴ്ച. രണ്ട് വർഷം കൊണ്ട് പ്രതികൾക്ക് സംഭവിച്ച രൂപമാറ്റവും കേസിൽ വാദിഭാഗത്തിന് തിരിച്ചടിയായി. വീഡിയോ പകർത്തിയ അക്രമി സംഘത്തിൽ നിന്നുള്ള ആളുടെ മൊഴി പോലും പൊലീസിന് രേഖപ്പെടുത്താനായില്ല. തന്റെ കക്ഷികൾക്കുമേൽ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും, സംഭവം കണ്ട ഒരു ദൃക്‌സാക്ഷി പോലും തന്റെ കക്ഷികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും, അവ്യക്തമായ വീഡിയോ തെളിവായി സ്വീകരിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗം വക്കീലിന്റെ ഈ വാദങ്ങൾ കോടതി അംഗീകരിക്കുകയായിരുന്നു. ഇത്രയും വിവാദമായ, അത്രത്തോളം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കേസിൽ പൊലീസ് വരുത്തിയത് കരുതിക്കൂട്ടിയുള്ള വീഴ്ചയാണെന്ന് കരുതേണ്ടിയിരിക്കുന്നു. രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ ഭരിക്കുകയും പ്രതിഭാഗത്തുള്ളവർ വിശ്വഹിന്ദുവിന്റേയും ബജ്‌റംഗദളിന്റേയും പ്രവർത്തകരാകുമ്പോൾ പ്രത്യേകിച്ചും.

ക്രൂരമായ മർദനത്തിനിരയായാണ് പെഹ്‌ലുഖാൻ മരണത്തിന് കീഴടങ്ങിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. വാരിയെല്ലുകളും മറ്റും തകർന്നിരുന്നു. പെഹ്‌ലുഖാനെ മർദിച്ചത് കോടതി വെറുതെ വിട്ട ആറ് പ്രതികളല്ലെങ്കിൽ പിന്നെയാരാണ്? അത് പറയാൻ ബാധ്യതയുള്ളത് ആർക്കാണ്. തീർച്ചയായും സംസ്ഥാന സർക്കാരിന് തന്നെ. പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്‌ക്കോടതി നടപടിയെ ചോദ്യം ചെയ്ത് പെഹ്‌ലുഖാന്റെ കുടുംബത്തിന് വേണമെങ്കിൽ മേൽക്കോടതിയെ സമീപിക്കാം, സുപ്രീംകോടതിയിൽ വരെ പോകാം. പക്ഷേ അവിടെ വരെ പെഹ്‌ലുഖാന്റെ കേസ് എത്തുമോ എന്നാണ് സംശയം. തെളിവിന്റെ അഭാവത്തിൽ തേഞ്ഞുമാഞ്ഞ് പോകുന്ന കേസുകളിൽ ഒന്നായി പെഹ്‌ലുഖാന്റെ കേസും മാറിയേക്കാം. ചോദ്യം ചെയ്യണം, നീതി ലഭിക്കാത്ത പക്ഷം കോടതിയുടെ നടപടികളും ചോദ്യം ചെയ്യപ്പെടണം…..,

കേസിന്റെ നാൾവഴികൾ

ഏപ്രിൽ 1, 2017: രാജസ്ഥാനിലെ അൽവാർ ജില്ലയിൽവച്ച് പെഹ്‌ലുഖാനും രണ്ട് മക്കളും അനുയായികളും ആക്രമിക്കപ്പെടുന്നു. പെഹ്‌ലുഖാൻ ഏറ്റുവാങ്ങുന്നത് അതിക്രൂരമായ മർദനം.

ഏപ്രിൽ 2: പശുക്കളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതിന് പെഹ്‌ലുഖാനും മക്കൾക്കുമെതിരെ രാജസ്ഥാൻ ബോവൈൻ അനിമൽ( പ്രൊഹിബിഷൻ ഓഫ് സ്ലോട്ടർ ആൻഡ് റെഗുലേഷൻ ഓഫ് ടെമ്പററി മൈഗ്രെഷൻ ഓർ എക്‌സ്‌പോർട്ട് ) ആക്റ്റ് 1995 ചുമത്തപ്പെടുന്നു.

ഏപ്രിൽ 4: പെഹ്‌ലുഖാൻ മരിക്കുന്നു. മരണമൊഴിയിൽ പെഹ്‌ലുഖാൻ ആറ് അക്രമികളുടെ പേര് പരാമർശിക്കുന്നു. പെഹ്‌ലുഖാൻ ഉൾപ്പെടെയുള്ളവർക്കെതിരെ കൊലക്കുറ്റം ചുമത്തി എഫ്‌ഐആർ ഇടുന്നു.

ഏപ്രിൽ 8: ബെഹ്‌റോഡ് സർക്കിൾ ഇൻസ്‌പെക്ടർക്ക് കേസന്വേഷണ ചുമതല കൈമാറപ്പെടുന്നു.

ജൂലൈ 9 2017 : അന്വേഷണം സിബിസിഐടിക്ക് കൈമാറപ്പെടുന്നു.

സെപ്റ്റംബർ 2017: പെഹ്‌ലുഖാൻ പേരുപറഞ്ഞ ആറുപേരെയും സിബിസിഐഡി കുറ്റവിമുക്തരാക്കുന്നു. വീഡിയോ ദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി വേറെ ഒമ്പതുപേർക്കെതിരെ വീണ്ടും കുറ്റപത്രം. അതിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ.

മെയ് 2019: പെഹ്‌ലുഖാന്റെ രണ്ടു മക്കൾക്കെതിരെ രാജസ്ഥാൻ ബോവൈൻ അനിമൽ ആക്റ്റ് 1995 പ്രകാരം കുറ്റപത്രം സമർപ്പിക്കുന്നു.

ഓഗസ്റ്റ് 7, 2019: പ്രാസിക്യൂഷൻ ഹാജരാക്കിയ 44 സാക്ഷികളുടെയും വിസ്താരം പൂർത്തിയാകുന്നു. വിചാരണ അവസാനിക്കുന്നു.

ഓഗസ്റ്റ് 14, 2019: സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി ആറുപ്രത്രികളെയും നിരുപാധികം വിട്ടയക്കുന്നു. വിപിൻ യാദവ്, രവീന്ദ്ര കുമാർ, കാലു റാം, ദയാനന്ദ്, യോഗേഷ് കുമാർ, ഭീം രഥി എന്നിവരാണ് വിട്ടയക്കപ്പെട്ടവർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here