മഴ കുറഞ്ഞിട്ടും ജലനിരപ്പ് താഴാതെ കുട്ടനാട്

മഴ കുറഞ്ഞിട്ടും ജലനിരപ്പ് താഴാത്തതിന്റെ ആശങ്കയിലാണ് കുട്ടനാട്. എ.സി റോഡിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ആറാം ദിവസവും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തുടർച്ചയായി ഉണ്ടാകുന്ന മടവീഴ്ചകൾ കുട്ടനാട്ടിലെ വെള്ളക്കെട്ടുകൾ വർദ്ധിപ്പിക്കുകയാണ്. ഇന്നലെ രാത്രി വൈകി കൈനകരിയിലെ പാടങ്ങളിൽ മടവീഴ്ചയുണ്ടായി. ഇതേ തുടർന്ന് വീടുകളിൽ വെള്ളം കയറിയതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം മുപ്പതിനായിരത്തോട് അടുത്തു.
Read Also; പുത്തുമല ഉരുൾപ്പൊട്ടൽ; സ്‌നിഫർ നായകളെ ഉപയോഗിച്ച് തെരച്ചിൽ തുടരുന്നു
മടവീഴ്ചയിൽ 2708 ഹെക്ടറിലെ നെൽകൃഷിയും 2048 ഹെക്ടറിലെ കരകൃഷിയും നശിച്ചിട്ടുണ്ട്. കുട്ടനാട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ തോട്ടപ്പള്ളി സ്പിൽവേയിലെ മണ്ണ് നീക്കുന്ന ജോലികൾ വേഗത്തിലാക്കാൻ ജലസേചനവകുപ്പ് തീരുമാനിച്ചു. ഇവിടെ നിന്ന് എടുക്കുന്ന മണ്ണ് ഉപയോഗിച്ച് മടവീഴ്ച ഭീഷണിയുള്ള പാടങ്ങളിൽ താൽകാലിക ബണ്ട് നിർമിക്കും. അതേസമയം മഴ മാറി നിൽക്കുന്ന സാഹചര്യമുണ്ടായാൽ രണ്ട് ദിവസത്തിനകം കുട്ടനാട്ടിലെ വെള്ളം ഇറങ്ങുമെന്നാണ് പ്രതീക്ഷ.
എന്നാൽ മട വീണ് വെള്ളംകയറിയ വീട്ടുകളിലേക്ക് മടങ്ങണമെങ്കിൽ സമയം ഇനിയും വേണ്ടിവരും. കനകാശേരിയും, ആറ്പങ്കും അടക്കം മടവീണഭാഗങ്ങളിൽ പുനർ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മഴ മാറി നിൽക്കുന്നതും പമ്പയാറ്റിലും മണിമലയാറിലും നീരൊഴുക്ക് കൂടാത്തതും പത്തനംതിട്ട,കോട്ടയം ജില്ലകൾക്ക് ആശ്വാസമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here