സിറോ മലബാർ സഭയുടെ നിർണായക സിനഡിന് നാളെ കൊച്ചിയിൽ തുടക്കമാകും

സിറോ മലബാർ സഭയുടെ നിർണായക സിനഡിന് നാളെ കൊച്ചിയിൽ തുടക്കമാകും. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന്റെ പ്രധാന അജണ്ട. സിറോ മലബാർ സഭ നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സഭാ സിനഡ് യോഗം ചേരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയ്ക്ക് പിന്നാലെ ഉയർന്ന ആഭ്യന്തര പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് സിനഡിന് മുന്നിലുള്ള പ്രധാന ദൗത്യം.
Read Also; എറണാകുളം-അങ്കമാലി അതിരൂപതയിൽ അഴിച്ചുപണി; രണ്ട് സഹായ മെത്രാൻമാർക്കെതിരെ നടപടി
ഭൂമിയിടപാടിലെ അന്വേഷണ റിപ്പോർട്ടും സിനഡ് പരിശോധിക്കും. കർദ്ദിനാളിനെതിരെ വ്യാജരേഖ നിർമിച്ചുവെന്ന കേസിൽ സഭ തന്നെ നൽകിയ പരാതിയിൽ വൈദികർ പ്രതികളായ വിഷയവും സിനഡിന്റെ പരിഗണനയ്‌ക്കെത്തും. കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരായ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെ പരസ്യ സമരമാണ് സഭയിലെ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാക്കിയത്. അതിരൂപതയുടെ ഭരണനിർവഹണത്തിനായി സ്വതന്ത്ര ചുമതലയുള്ള മെത്രാനെ നിയമിച്ചേക്കുമെന്നാണ് സൂചന. നിലവിൽ സസ്‌പെൻഷനിൽ കഴിയുന്ന രണ്ട് സഹായമെത്രാന്മാരുടെ പുതിയ ചുമതലകളും സിനഡ് തീരുമാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here