‘ആ ബെഞ്ചുകളിലിരിക്കാൻ ഇനി അവരെത്തില്ല’ സഹപാഠികൾക്ക് കണ്ണീരണിഞ്ഞ ആദരാഞ്ജലികളുമായി പോത്തുകല്ല് സ്‌കൂളിലെ വിദ്യാർത്ഥികൾ

കവളപ്പാറ ദുരന്തത്തിൽ പൊലിഞ്ഞ സഹപാഠികൾക്ക് ആദരാഞ്ജലികളർപ്പിച്ച് പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ. കവളപ്പാറ ദുരന്തത്തിൽ മരിച്ചവർക്ക് സ്‌കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ആദരാഞ്ജലികളർപ്പിച്ചു. നാട്ടുകാരുടെയും പിടിഎയുടെയും നേതൃത്വത്തിൽ അനുസ്മരണ യോഗവും മൗനജാഥയും നടത്തി. പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ 6 വിദ്യാർത്ഥികളെയാണ് കവളപ്പാറ ദുരന്തത്തിൽ കാണാതായത്.
ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇനിയും നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ഉരുൾപൊട്ടൽ വലിയ നാശനഷ്ടമുണ്ടാക്കിയ കവളപ്പാറയിൽ ഇന്നലെ ആറ് മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. ഇതോടെ കവളപ്പാറ ദുരന്തത്തിൽ മരണസംഖ്യ 46 ആയി. മണ്ണിനടിയിൽ കിടക്കുന്ന മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി ഹൈദരാബാദിൽ നിന്നെത്തിച്ച ഭൂഗർഭ റഡാർ ഉപയോഗിച്ചും ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ മണ്ണിനടിയിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം കൂടുതലായി ഉള്ളതിനാൽ സിഗ്നൽ ലഭിക്കുന്നതിന് പലപ്പോഴും തടസ്സം നേരിടുന്നുണ്ട്. കവളപ്പാറയിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here