എ ആർ ക്യാമ്പിലെ പൊലീസുകാരന്റെ മരണം; മുൻ ഡെപ്യൂട്ടി കമാൻഡന്റ് അറസ്റ്റിൽ

പാലക്കാട് എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ ഡെപ്യൂട്ടി കമാൻഡന്റ് അറസ്റ്റിൽ. കല്ലേക്കാട് എ ആർ ക്യാമ്പ് കമാൻഡന്റ് എൽ സുരേന്ദ്രനാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിൽ തൃപ്തിയെന്ന് കുമാറിന്റെ ഭാര്യ സജിനി പ്രതികരിച്ചു. കുമാറിന്റെ മരണത്തിൽ ഉത്തരവാദികളായ മുഴുവൻ പൊലീസുകാരേയും അറസ്റ്റ് ചെയ്യണമെന്നും സജിനി പറഞ്ഞു.
രണ്ട് മാസം മുൻപാണ് എ ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ കുമാർ ആത്മഹത്യ ചെയ്തത്. ഒറ്റപ്പാലത്തിനടുത്ത് ലക്കിടിയിൽ റെയിൽവേ ട്രാക്കിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഭാര്യയും കുമാറിന്റെ സഹോദരനും പൊലീസിലെ ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here