പ്രസവാവധി ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ന്യൂസിലൻഡ് ക്യാപ്റ്റൻ ഏമി സാറ്റെർത്ത്‌വെയ്റ്റ്

പ്രസവാവധി ലഭിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായി ന്യൂസിലൻഡ് വനിതാ ടീം ക്യാപ്റ്റൻ ഏമി സാറ്റെർത്ത്‌വെയ്റ്റ്. മറ്റേർണിറ്റി ലീവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നൽകാൻ ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത് അടുത്തിടെയായിരുന്നു. അതിനു ശേഷം പ്രസവാവധി എടുക്കുന്ന ആദ്യ താരമാണ് ഏമി. ഇതോടെ, കളിച്ചില്ലെങ്കിലും കരാർ പ്രകാരമുള്ള മുഴുവൻ തുകയും ഏമിക്ക് ലഭിക്കും.

2017 മാർച്ചിലാണ് സഹതാരം ലെ തഹുഹുവിനെ ഏമി വിവാഹം കഴിച്ചത്. 2020 ജനുവരിയോടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന ദമ്പതികൾ ജീവിതത്തിൽ പുതിയ അദ്ധ്യായം തുടങ്ങുന്നതിൻ്റെ ആവേശത്തിലാണ്. പ്രസവാവധിയിൽ പ്രവേശിക്കുന്നതോടെ 2020 ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെ നടക്കുന്ന ടി-20 ലോകകപ്പ് ഏമിക്ക് നഷ്ടമാകും. 2021ഓടെ കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് 32കാരിയായ ഏമി അറിയിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top