Advertisement

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ; പിഎസ്‌സിയുടെ സിവില്‍ പൊലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു ഞങ്ങള്‍ ഇനി എന്ത് ചെയ്യണം?

August 20, 2019
Google News 0 minutes Read

ജോലിക്കിടയിലും പ്രാരാബ്ധങ്ങള്‍ക്കിടയിലും പഠനത്തിനായി സമയം കണ്ടെത്തി. 2017 ല്‍ നോട്ടിഫിക്കേഷന്‍ വന്നതുമുതല്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആകാനുള്ള കഷ്ടപ്പാടിലായിരുന്നു ഒരു കൂട്ടം യുവാക്കള്‍. 2018 ല്‍ നിപ്പ വില്ലനായി. പരീക്ഷ നടന്നത് ജൂലൈയില്‍. അതിനുശേഷമുള്ള ഫിറ്റ്നസ്സ് ടെസ്റ്റില്‍ ഉള്‍പ്പെട്ടത് 30000 പേര്‍. ഒന്നിനു പിറകെ ഒന്നായി പ്രളയവും വന്നു. എല്ലാത്തില്‍ നിന്നും അതിജീവിച്ച് 10940 ഉദ്യോഗാര്‍ത്ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചു.

എന്നാല്‍ ആഗസ്റ്റ് ആറിന് എല്ലാം മാറിമറിഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയത് കണ്ടെത്തുന്നു. കേസുമായി ബന്ധപ്പെട്ട് 10100 പേര്‍ ഉള്‍പ്പെട്ട ലിസ്റ്റ് പിഎസ്‌സി മരവിപ്പിച്ചു.

സര്‍ക്കാരിന്റെ ഏറ്റവും ആധികാരികതയുള്ള പരീക്ഷയാണ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റേത്. എന്നിട്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ ഗൗരവം എത്രമാത്രം ഉത്തരവാദിത്തത്തോടെ ഉള്‍ക്കൊണ്ടു? മൊബൈല്‍ഫോണിന് കര്‍ശനവിലക്കുള്ള പിഎസ് സിയുടെ പരീക്ഷാ ഹാളില്‍നിന്ന് എങ്ങനെ ചോദ്യങ്ങള്‍ ചോര്‍ന്നു? ഇതിന് കൂട്ടുനിന്നവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചത്? പ്രതികളുടെ മൊഴിയെടുക്കുന്നുണ്ടെങ്കിലും ലിസ്റ്റ് മരവിപ്പിച്ചതു മൂലം പുറത്തുനില്‍ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാണ്. പ്രായം കടക്കുമെന്നതിനാല്‍ ലിസ്റ്റ് റദ്ദാക്കിയാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ കഴിയാത്തവരും കൂട്ടത്തിലുണ്ട്.

ഇതോടെ എന്തുചെയ്യണമന്നറിയാത്ത അവസ്ഥയിലാണ് ഒരു കൂട്ടം യുവാക്കള്‍. ലിസ്റ്റില്‍ വന്നതോടെ പലരും ഗള്‍ഫിലും മറ്റുമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചിരുന്നു. പ്രതീക്ഷകള്‍ അസ്തമിച്ച ഒരു ജനത ചോദിക്കുകയാണ് ഞങ്ങളിലൊരാളുടെ ആത്മഹത്യ കൊണ്ടേ ഇതിനൊരു പരിഹാരമാകൂ എങ്കില്‍, പറയൂ ഞങ്ങളിലാരാണ് ആത്മഹത്യ ചെയ്യേണ്ടത്? രണ്ടോ മൂന്നോ പേര്‍ ചെയ്ത തെറ്റില്‍ ഇനി മുന്നിലൊരു വഴിയില്ലാതെ നില്‍ക്കുന്നത് പതിനായിരത്തോളം പേരാണ്. ആരിതിനു മറുപടി നല്‍കും?നിയമത്തിന്റെ ഭാഗത്തു നിന്നല്ലാതെ ഇതിനൊരു പരിഹാരം കണ്ടെത്താനില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here