Advertisement

ആഭ്യന്തര യുദ്ധത്തിൽ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഫീൽഡ് കമാൻഡർ ഇനി ശ്രീലങ്കയുടെ സേനാത്തലവൻ

August 20, 2019
Google News 1 minute Read

ഇരുപത്താറുവർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ ക്രൂരമായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെട്ട ഫീൽഡ് കമാൻഡർ ഷവേന്ദ്ര സിൽവ(55) ശ്രീലങ്കയുടെ സൈനികമേധാവിയാവും. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസ് തിങ്കളാഴ്ചയാണ് ഈ വാർത്ത പുറത്തുവിട്ടത്. നിലവിലെ സൈനികമേധാവി ലെഫ്റ്റനന്റ് ജനറൽ മഹേഷ് സേനാനായകെയിൽ നിന്നാണ് ഷവേന്ദ്ര ചുമതല ഏറ്റെടുക്കുക.

2009-ൽ എൽ.ടി.ടി.ഇ.ക്കെതിരേ അന്തിമയുദ്ധം നയിച്ച സൈന്യത്തിന്റെ അൻപത്തിയെട്ടാം ഡിവിഷനെ നയിച്ചത് സിൽവയായിരുന്നു. യുദ്ധത്തിന്റെ അവസാന മാസങ്ങളിൽ മാത്രം 45000-ത്തോളം തമിഴ് വംശജർ കൊല്ലപ്പെട്ടതായാണ് യു.എൻ. റിപ്പോർട്ടിൽ പറയുന്നത്. ആശുപത്രികളിലടക്കം കയറി സാധാരണക്കാരെ ആക്രമിക്കൽ, ഒറ്റപ്പെട്ടുപോയ തമിഴ് വംശജർക്ക് മനുഷ്യാവകാശ സഹായം തടയൽ തുടങ്ങി ഒട്ടേറേ ആരോപണങ്ങൾ സൈന്യത്തിനുനേരേ ഉയർന്നിരുന്നു.

ശ്രീലങ്കൻ സേനയുടെ മനുഷ്യാവകാശധ്വംസനങ്ങൾ പുറത്തുകൊണ്ടുവന്ന് 2013-ൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പാസാക്കിയ പ്രമേയത്തിലും ഷവേന്ദ്രയുടെ പേര് പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്നു. ആഭ്യന്തരയുദ്ധക്കാലത്ത് ശ്രീലങ്കൻ സൈന്യവും എൽ.ടി.ടി.ഇ.യും നടത്തിയ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാനും വിചാരണചെയ്യാനും പ്രത്യേക ട്രിബ്യൂണൽ ആരംഭിക്കണമെന്ന് ശ്രീലങ്കൻ സർക്കാരിനോട് യു.എന്നും മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെടുകയുമുണ്ടായി.

എന്നാൽ, ആരോപണങ്ങൾ ശ്രീലങ്കൻസേന നിഷേധിച്ചു. അന്താരാഷ്ട്രതലത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തോടും തുടർന്നുവന്ന ശ്രീലങ്കൻ സർക്കാരുകൾ സഹകരിച്ചില്ല.

ഷവേന്ദ്രയുടെ നിയമനം യു.എന്നുമായി ചേർന്നുള്ള ശ്രീലങ്കയുടെ സമാധാന ദൗത്യങ്ങളെയും യു.എസ്. നൽകുന്ന പ്രതിരോധ സഹകരണത്തെയും ബാധിക്കുമെന്ന് വിമർശനമുയർന്നിട്ടുണ്ട്. ആഭ്യന്തരയുദ്ധം അവസാനിച്ചശേഷം ന്യൂയോർക്കിൽ യു.എൻ. മിഷനിൽ ശ്രീലങ്കയുടെ സ്ഥിരം ഉപപ്രതിനിധിയായി പ്രവർത്തിച്ചുവരുകയാണ് ഷവേന്ദ്ര സിൽവ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here