Advertisement

ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതിയിൽ ഹർജി; അന്വേഷണം ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്

August 20, 2019
Google News 7 minutes Read

ആക്ടിവിസ്റ്റും ജമ്മു കശ്മീർ പീപ്പിൾസ് മൂവ്‌മെന്റ് നേതാവുമായ ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി. രാജ്യത്ത് അക്രമം ഉണ്ടാക്കാനും ഇന്ത്യൻ സൈന്യത്തെ ദേശീയ, അന്തർദേശീയ തലങ്ങളിൽ അപകീർത്തിപ്പെടുത്താനും ഷഹല റാഷിദ് ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതി അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവയാണ് ഹരജി നൽകിയത്. മറ്റൊരു അഭിഭാഷകൻ വീരേന്ദ്ര ജബ്രയും ഷഹലയ്ക്കെതിരെ ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. കേസിൻ്റെ അന്വേഷണം ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് കൈമാറിയിട്ടുണ്ട്.

കശ്മീരിൻ്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ അവിടെ നടപ്പാക്കിയ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഷഹല നടത്തിയ ട്വീറ്റുകൾ ചൂണ്ടിക്കാട്ടിയാണ് അലോക് ശ്രീവാസ്തവിൻ്റെ പരാതി. തൻ്റെ ട്വീറ്റുകളിലൂടെ പത്ത് കാര്യങ്ങളാണ് ഷഹല അക്കമിട്ടു നിരത്തിയത്. ‘കശ്മീരിൽ നിന്നു വരുന്ന ജനങ്ങൾ അവിടുത്തെ സ്ഥിതിയെപ്പറ്റി പറയുന്ന കാര്യങ്ങൾ’ എന്ന പേരിൽ ഷഹല നടത്തിയ ട്വീറ്റുകൾ അവാസ്തവമാണെന്നും വ്യാജമാണെന്നുമാണ് ശ്രീവാസ്തവിൻ്റെ വാദം. ട്വീറ്റുകളിൽ രണ്ടെണ്ണമാണ് പരാതിക്കിടയാക്കിയത്.

‘സായുധ സൈനികർ രാത്രിയിൽ വീടുകളിൽ കയറുകയും ആൺകുട്ടികളെ പിടികൂടുകയും വീടുകൾ കൊള്ളയടിക്കുകയും റേഷൻ സാധനങ്ങൾ മനഃപൂർവം തറയിലിട്ട് അരിയും എണ്ണയും കൂട്ടിക്കലർത്തുകയും ചെയ്യുന്നു.’ എന്ന ട്വീറ്റും


‘ഷോപ്പിയാനിൽ നാല് പുരുഷന്മാരെ സൈനിക ക്യാമ്പിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു (പീഡിപ്പിച്ചു); അവർക്കരികിൽ ഒരു മൈക്ക് വെച്ചിട്ടുണ്ടായിരുന്നു. അതുവഴി അവരുടെ അലർച്ച പ്രദേശം മുഴുവൻ കേൾക്കാനാവുകയും ഭയപ്പെടുകയും ചെയ്തു. ഇത് പ്രദേശത്തു മുഴുവൻ ഭയത്തിന്റെ സാഹചര്യമുണ്ടാക്കി.’ എന്ന ട്വീറ്റുമാണ് പരാതിക്കിടയാക്കിയത്. ഷഹലയുടെ രാജ്യദ്രോഹപരവും ദേശവിരുദ്ധവുമായ നടപടിക്കെതിരെ നടപടിയെടുക്കണമെന്നും ഐ.പി.സി 124 എ, 153, 153 എ, 504 വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടും പ്രകാരം അറസ്റ്റ് ചെയ്ത് ഏറ്റവും കഠിനമായ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും ശ്രീവാസ്തവ് നൽകിയ ഹരജിയിൽ പറയുന്നു.

നേരത്തെ ഷഹല റഷീദിന്റെ ആരോപണം സൈന്യം തള്ളിയിരുന്നു. ‘ഷഹല റാഷിദ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും തള്ളിക്കളയേണ്ടതുമാണ്. ഉറപ്പുവരുത്താത്തതും വ്യാജവുമായ അത്തരം വാർത്തകൾ നിഷ്‌കളങ്കരായ ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനായി ദ്രോഹികളായ വ്യക്തികളും സംഘടനകളും പ്രചരിപ്പിക്കുന്നതാണ്.’ സൈന്യത്തെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

തൻ്റെ ട്വീറ്റുകളെല്ലാം ജനങ്ങളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലുള്ളതാണെന്നാണ് വിഷയത്തിൽ ഷഹലയുടെ വിശദീകരണം. സൈന്യം നിക്ഷ്പക്ഷമായ ഒരു അന്വേഷണം നടത്തിയാൽ പറഞ്ഞതിനൊക്കെ തെളിവ് നൽകാമെന്നും ഷഹല പറയുന്നു.

അതേ സമയം ട്വിറ്ററിൽ ഷഹല റാഷിദിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹാഷ്ടാഗുകൾ പ്രചരിക്കുകയാണ്. മുൻ ജെഎൻയു വിദ്യാർത്ഥി കൂടിയായ ഷഹല അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത അധികരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here