അബുദാബിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക വിമാന സർവീസ് ഏർപ്പെടുത്തി എയർ ഇന്ത്യ

ഓണം പ്രമാണിച്ച് അബുദാബിയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ ആറിന് കൊച്ചിയിൽനിന്ന് അബുദാബിയിലേക്കും തിരിച്ച് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് സർവീസ് എന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ ആറിന് പുലർച്ചെ 1.30ന് കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന ഐഎക്സ് 417 വിമാനം പ്രാദേശിക സമയം പുലർച്ചെ നാലിന് അബുദാബിയിൽ എത്തും. തിരിച്ച് അഞ്ചിന് പുറപ്പെടുന്ന ഐഎക്സ് 450 വിമാനം രാവിലെ 10.40ന് തിരുവനന്തപുരത്തും 12.20ന് കൊച്ചിയിലും ഇറങ്ങും.
Read Also : കെടുകാര്യസ്ഥതയുടെ നെറുകയിൽ എയർ ഇന്ത്യ; പൊട്ടിത്തെറിച്ച് യാത്രക്കാർ
ബന്ധുക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാൻ പ്രവാസികൾക്കും കുടുംബങ്ങൾക്കും അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് അധിക വിമാന സർവീസ് ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
പ്രവാസികളുടെ യാത്രാപ്രശ്നം മനസിലാക്കിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി ഓണക്കാലത്ത് ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here