‘സ്‌പെയിനിൽ 15 കോടിയുടെ ടെന്നീസ് ക്ലബ്, യുകെയിൽ കോട്ടേജ്’; ചിദംബരം സ്വത്തുക്കൾ സ്വന്തമാക്കിയത് അഴിമതിയിലൂടെയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിനെതിരെ നിർണാക തെളിവുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിൽ ഇന്ത്യയിലും വിദേശത്തുമുള്ള വസ്തുവകകൾ എങ്ങനെ തരപ്പെടുത്തിയെന്നും അതിനുള്ള പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്നും കണ്ടെത്തേണ്ടതുണ്ടെന്ന് ഇഡി പറയുന്നു. പി ചിദംബരത്തെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താലാണ് ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. എന്നാൽ കഴിഞ്ഞ പതിനേഴ് മണിക്കൂറിലധികമായി പി ചിദംബരം ഒളിവിലാണെന്നാണ് സൂചന.
ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട ഇടപാടിലൂടെ ലഭിച്ച കൈക്കൂലി തുകയിൽ നിന്നുമാണ് കാർത്തി ചിദബംരം സ്‌പെയിനിലും ബ്രിട്ടനിലും ഇന്ത്യയിലും ഉൾപ്പെടെ വസ്തുക്കൾ സ്വന്തമാക്കിയത്. 54 കോടിയിലധികം രൂപയാണ് ടെന്നീസ് ക്ലബ്ബിനുൾപ്പെടെ കാർത്തി ചിദംബരം ചിലവാക്കിയത്. സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. ഡൽഹിയിലെ ജോർബാഗിൽ ചിദംബരം താമസിക്കുന്ന ബംഗ്ലാവിന് 16 കോടി രൂപയാണ് മുടക്കുമുതൽ. സ്‌പെയിൽ ബാർസിലോണയിലുള്ള ടെന്നീസ് ക്ലബ്ബിന് മുടക്കിയതാകട്ടെ 15 കോടി രൂപയും. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ചെന്നൈയിലെ നുൻഗംബക്കത്തുള്ള ബ്രാഞ്ചിൽ കാർത്തിയുടെ പേരിൽ 9.23 കോടിയുടെ സ്ഥിര നിക്ഷേപമാണ് ഉള്ളത്. ഡിസിബി ബാങ്കിന്റെ ചെന്നൈ ബ്രാഞ്ചിൽ അഡ്‌വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ 90 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവുമുണ്ടെന്നും ഇഡി പറയുന്നു.
ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന നിലപാടാണ് സിബിഐക്കുമുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here