Advertisement

ശ്രീകുമാർ മേനോന്റെ മഹാഭാരതത്തിൽ നിന്ന് നിർമാതാവ് പിന്മാറി

August 21, 2019
Google News 1 minute Read

മോഹൻലാൽ ഭീമനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന ശ്രീകുമാർ മേനോന്റെ മഹാഭാരതത്തിൽ നിന്ന് നിർമാതാവ് എസ് കെ നാരായണൻ പിന്മാറി. എംടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ നോവലിനെ ആസ്പദമാക്കി ആയിരം കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമിക്കാൻ തീരുമാനിച്ചിരുന്നത്. നിർമാതാവ് എസ് കെ നാരായണൻ ഇക്കാര്യം സ്ഥിരീകരിച്ചു.

എംടി വാസുദേവൻ നായരുമായുള്ള ‘രണ്ടാമൂഴ’ത്തിന്റെ കരാർ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകൻ ശ്രീകുമാർ മേനോൻ എസ് കെ നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിർമാണത്തിൽ നിന്നും പിന്മാറിയത്. എംടിയും ശ്രീകുമാർ മേനോനും തമ്മിലുള്ള കരാർ കാലാവധി പന്ത്രണ്ട് വർഷത്തേക്കാണെന്നാണ് ശ്രീകുമാർ മേനോൻ നിർമാതാവിനോട് പറഞ്ഞത്. ഇത് കളവാണെന്ന് ബോധ്യപെട്ടതിനെ തുടർന്ന് ശ്രീകുമാർ മേനോന്റെ പ്രൊജക്ടുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് എസ് കെ നാരായണൻ പറയുന്നു.

നാലു വർഷത്തിനുള്ളിൽ ‘രണ്ടാമൂഴ’ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ കരാർ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു എംടി വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാർ കാലാവധി നാലു വർഷം കഴിഞ്ഞതിന് ശേഷം എംടി ശ്രീകുമാർ മേനോന് വക്കീൽ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നൽകാത്തതിനെ തുടർന്ന് ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എംടി കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോൾ സബ് കോടതി തിരക്കഥ തിരിച്ചു നൽകാൻ ഉത്തരവിട്ടിരുന്നു.

ഈ വസ്തുതയെല്ലാം ശ്രീകുമാർ മേനോൻ മറച്ചുവെച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് എസ് കെ നാരായണനുമായി ചേർന്ന് ‘രണ്ടാമൂഴം’ സിനിമ പ്രൊജക്ടുമായി മുൻപോട്ടു പോകാൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരിൽ 250 ഏക്കർ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാൻ നിർമാതാവ് സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡൽ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാൽ സത്യം ബോധ്യപ്പെട്ടതോടെ സിനിമയുടെ നിർമാണത്തിൽ നിന്ന് എസ് കെ നാരായണൻ പിന്മാറുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here