പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു; ജാമ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

ഐഎൻഎക്‌സ് മീഡിയ അഴിമതി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന് കുരുക്ക് മുറുകുന്നു. ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ഹർജി ലിസ്റ്റ് ചെയ്യാതെ ഒന്നും ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. അതേസമയം, ചിദംബരത്തിന്റെ ഹർജി ഉന്നയിക്കും മുൻപ് ബെഞ്ച് ഇറങ്ങിപ്പോയതും തിരിച്ചടിയായി.

മുൻകൂര് ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം രാവിലെയും ദസ്റ്റിസ് രമണ നിരാകരിച്ചിരുന്നു. തുടർന്ന് വിഷയം ചീഫ് ജസ്റ്റിസിന് വിടുകയായിരുന്നു. എന്നാൽ അയോധ്യ കേസിൽ വാദം കേൾക്കുകയായിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ് ഹർജി പരിഗണിച്ചില്ല. തുടർന്ന് അഭിഭാഷകൻ സൽമാൻ ഖുർഷിദ് ഹർജിയുമായി വീണ്ടും ജസ്റ്റിസ് രമണയെ സമീപിക്കുകയായിരുന്നു. അതേസമയം, ചിദംബരം ഒളിവിലാണെന്നാണ് വിവരം. ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ മൂന്ന് തവണ ഡൽഹിയിലെ വസതിയിൽ എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. ചിദംബരം രാജ്യംവിടാനുള്ള സാധ്യതയും സിബിഐ ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.

ഒന്നാം യുപിഎ സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007ലാണ് ഐഎൻഎക്‌സ് മീഡിയയ്ക്കു വിദേശത്തുനിന്ന് മുതൽ മുടക്ക് കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭിച്ചത്. അനുമതി ലഭ്യമാക്കുന്നതിൽ അഴിമതി നടന്നെന്നാണ് സിബിഐയുടെ കേസ്. ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസിൽ കാർത്തിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോൾ ജാമ്യത്തിലാണ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന നിലപാടാണ് സിബിഐക്കുമുള്ളത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More