ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌ക്കാരം പിണറായി വിജയന് ? പ്രചരിക്കുന്നത് വ്യാജം [24 Fact Check]

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചത് ആർക്കാണ് ? ഉത്തരം തിരഞ്ഞ് കഷ്ടപ്പെടേണ്ട…അത്തരതിലൊരു പുരസ്‌ക്കാരം പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ചില സോഷ്യൽ മീഡിയ പേജുകൾ അത്തരമൊരു പുരസ്‌ക്കാരം നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയന് നൽകിയിട്ടുണ്ട്. ഇത് വ്യാജ വാർത്തയാണ്…!

‘കമ്മ്യൂണിസ്റ്റ്’ എന്ന ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി പിണറായി വിജയന് മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചുവെന്ന വാർത്ത ആദ്യം വരുന്നത്.

പോസ്റ്റിൽ പറയുന്നതിങ്ങനെ –

മുണ്ടായിൽ കോരന്റെ മകൻ

ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിക്കുള്ള ദേശീയ പുരസ്‌കാരം
സ:പിണറായി വിജയന്

#അഭിവാദ്യങ്ങൾ

പോസ്റ്റിന് നൂറിൽ പരം ഷെയറുകൾ ഈ പേജിൽ നിന്ന് മാത്രം പോയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് നിരവധി പേർ വാർത്ത സത്യമോ വ്യാജമോ എന്ന് പോലും ചിന്തിക്കാതെ ഫേസ്ബുക്ക്, വാട്ട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.

ചില പേജുകളാകട്ടെ കേന്ദ്രമന്ത്രി നിധിൻ ഗഡ്ക്കരിയിൽ നിന്നും മുഖ്യമന്ത്രി പുരസ്‌ക്കാരം വാങ്ങുന്ന ചിത്രമാണ് പോസ്റ്റിനൊപ്പം ഷെയർ ചെയ്തിരിക്കുന്നത്.

എന്നാൽ ഇത്തരത്തിൽ ഒരു പുരസ്‌ക്കാരവും പ്രഖ്യാപിച്ചിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഇത്തരമൊരു പുരസ്‌കാരം ലഭിച്ചതായി യാതൊരു റിപ്പോർട്ടുകളുമില്ല. പ്രചരിക്കുന്ന പോസ്റ്റുകൾ എല്ലാം വ്യാജമാണ്.

Read Also : നാളെ മുതൽ ഇൻസ്റ്റഗ്രാമിന് നിങ്ങളുടെ ഫൊട്ടോകളും, ഡിലീറ്റ് ചെയ്ത മെസ്സേജുകളും നിങ്ങളുടെ അനുവാദമില്ലാതെ എവിടെ വേണമെങ്കിലും ഉപയോഗിക്കാം ? [24 Fact Check]

2017 നവംബർ 16ന് ഇന്ത്യാ ടുഡേ ഭരണ മികവിലും നടത്തിപ്പിലും ഏറ്റവും മികച്ച സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തിരുന്നു.

പുരസ്‌കാരദാന ചടങ്ങിൽ കേന്ദ്ര ഗാതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് പുരസ്‌കാരം കൈമാറിയിരുന്നു. ഇതിൻറെ ചിത്രമാണ് ഇപ്പോൾ ഏറ്റവും മികച്ച സംസ്ഥാനത്തിന് കേരളത്തിന് പുരസ്‌കാരം ലഭിച്ചു എന്ന പേരിൽ വീണ്ടും പ്രചരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിൽ ഈ ചിത്രവും വാർത്തയും ലഭ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top