‘തണ്ണീർമത്തൻ ദിനങ്ങൾ’ മേക്കിംഗ് വീഡിയോ പുറത്ത്

നവാഗതനായ ഗിരീഷ് എഡി അണിയിച്ചൊരുക്കിയ ‘തണ്ണീർമത്തൻ ദിനങ്ങളു’ടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 2 മിനിട്ടിലധികമുള്ള വീഡിയോ സത്യം ഓഡിയോസിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലാണ് പുറത്തു വിട്ടത്. ഷൂട്ടിംഗും ഷൂട്ടിംഗിനിടയിലെ തമാശകളുമൊക്കെ ചേർന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
യുവതാരങ്ങളെ വെച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസുകളിൽ തകർത്തോടുകയാണ്. ഇക്കൊല്ലത്തെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയ നാലാമത്തെ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. കഴിഞ്ഞ ദിവസം സിനിമ 45 കോടി ഗ്രോസ് കളക്ഷനിലെത്തിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. 2 കോടിയോളം രൂപ മാത്രം ചെലവഴിച്ച് നിർമ്മിച്ച ചിത്രമാണ് ഇത്ര വലിയ വിജയം സ്വന്തമാക്കിയത്.
രണ്ടു കോടിയോളം രൂപയ്ക്ക് നേരത്തെ എഷ്യാനെറ്റ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. സിനിമയുടെ ടോട്ടല്‍ ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.
അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഗിരീഷ് എഡിമൂക്കുത്തി, വിശുദ്ധ ആംബ്രോസേ തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ നേരത്തെ ശ്രദ്ധേയനാണ്. ഗിരീഷിനൊപ്പം ദിനോയ് പൗലോസ് കൂടി ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയത്. ഇര്‍ഷാദ്, നിഷ സാരംഗ്, ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമോൻ ടി ജോണും വിനോദ് ഇല്ലമ്പള്ളിയും ചേർന്നാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. ഷെമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here