കെവിന്‍ വധക്കേസില്‍ വിധി ഇന്ന്

കെവിന്‍ വധക്കേസില്‍ വിധി ഇന്ന്. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ദുരഭിമാനക്കൊലയെന്ന് കോടതി വിലയിരുത്തിയ സംസ്ഥാനത്തെ ആദ്യ കേസില്‍, സംഭവം നടന്ന് ഒന്നേകാല്‍ വര്‍ഷത്തിനു ശേഷമാണ് വിധി ഉണ്ടാകുന്നത്. മൂന്ന് മാസത്തെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി അവസാനഘട്ട നടപടികളിലേക്ക് കടക്കുന്നത്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതിയില്‍ തെളിയിക്കപ്പെട്ടത്.

അതേ സമയം പതിനാല് പ്രതികളുണ്ടായിരുന്ന കേസില്‍ നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെ നാലു പേരെ കോടതി വെറുതെ വിട്ടിരുന്നു. ബാക്കിയുള്ള പത്തു പ്രതികളുടെ ശിക്ഷയെ അടിസ്ഥാനമാക്കിയാണ് കോടതി ഇന്ന് ശിക്ഷ വിധിക്കുക. 302 പ്രകാരമുള്ള നരഹത്യ, തട്ടിക്കൊണ്ടുപോകല്‍, വിലപേശല്‍, ഗൂഡാലോചന, ഭവന ഭേദനം തുടങ്ങി വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 113 സാക്ഷികളാണ് കേസില്‍ ആകെയുള്ളത്. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട അനീഷാണ് കേസിലെ ഒന്നാം സാക്ഷി. മറ്റൊന്ന് നീനുവിന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമാകുന്നത്. തന്റെ പിതാവ് ഉള്‍പ്പെടെ ഉള്ളവര്‍ കെവിനുമായുള്ള വിവാഹത്തെ എതിര്‍ത്തിരുന്നു എന്ന് നീനു നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇതൊരു ദുരഭിമാനക്കൊലയെന്ന്  കോടതി നിരീക്ഷിച്ചത്.

അതേ സമയം നാലു പ്രതികളെ വെറുതെ വിട്ടതില്‍ കെവിന്റെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ചാക്കോ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ തയ്യാറാവുകയാണ് കെവിന്റെ കുടുംബം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top