കോലിക്കും രഹാനെയ്ക്കും അർദ്ധസെഞ്ചുറി; ഇന്ത്യ ശക്തമായ നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കുന്നു. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റുകൾ നഷ്ടപ്പെടുത്തി 185 റൺസ് എടുത്തിട്ടുണ്ട്. നായകൻ വിരാട് കോലിയുടെയും അജിങ്ക്യ രഹാനെയുടെയും അർദ്ധസെഞ്ചുറികളാണ് ഇന്ത്യയെ നയിക്കുന്നത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 104 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിൽ ഇന്ത്യക്ക് 260 റൺസിൻ്റെ ലീഡാണ് ഉള്ളത്.
മൂന്നാം ദിവസം 8 വിക്കറ്റിനു 189 റൺസ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്സിൽ 222 റൺസിന് ഓൾഔട്ടായി. അവശേഷിച്ച രണ്ട് വിക്കറ്റുകൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും സ്വന്തമാക്കി. 75 റൺസിൻ്റെ ആദ്യ ഇന്നിംഗ്സ് ലീഡുമയി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ മായങ്ക് അഗർവാളും ലോകേഷ് രാഹുലും ചേർന്ന് മികച്ച തുടക്കം നൽകി. 16 റൺസെടുത്ത് അഗർവാൾ പുറത്തായതിനു പിന്നാലെ എട്ട് റൺസ് എടുക്കുന്നതിനിടെ പൂജാരയെയും രാഹുലിനെയും നഷ്ടമായ ഇന്ത്യ തകർച്ചയുടെ വക്കിൽ നിൽക്കെയാണ് രഹാനെ-കോലി സഖ്യം ഒത്തു ചേർന്നത്.
81/3 എന്ന നിലയിൽ നിന്നാണ് ഇരുവരും രക്ഷാപ്രവർത്തനം ഏറ്റെടുക്കുന്നത്. വളരെ സാവധാനത്തിലാണ് സ്കോർ ചെയ്തതെങ്കിലും ഇന്ത്യൻ ഇന്നിംഗ്സിനെ സുരക്ഷിതമായ നിലയിൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ അർദ്ധസെഞ്ചുറി നേടി ടീമിൻ്റെ ടോപ്പ് സ്കോററായ രഹാനെ വീണ്ടും അതാവർത്തിക്കുന്ന കാഴ്ചയാണ് കാണുന്നത്. രണ്ട് ദിവസങ്ങൾ കൂടി ബാക്കി നിൽക്കെ കൂറ്റൻ ലീഡ് നേടുകയാവും ഇന്ത്യയുടെ ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here