കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പടിയിറങ്ങുമ്പോള്‍

‘തോളിലൊരു സഞ്ചിയുമായി വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്നു കയറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല… കാരണം കണ്ണന്‍ അങ്ങനെയാണ്’ കളക്ടര്‍ കണ്ണന്‍ ഗോപിനാഥനെ അഭിനന്ദിച്ച് ഒരിക്കല്‍ കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍ പറഞ്ഞതാണിത്. കേരളം കഴിഞ്ഞ വര്‍ഷം നേരിട്ട മഹാപ്രളയ കാലത്ത് അവധിയെടുത്ത് കളക്ഷന്‍ സെന്ററുകളില്‍ സഹായിക്കാന്‍ എത്തിയതോടെയാണ് കണ്ണന്‍ ഗോപിനാഥന്‍ വാര്‍ത്തകളില്‍ നിറയുന്നത്.

തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ എറണാകുളത്തെ കെബിപിഎസ് പ്രസിലെ കളക്ഷന്‍ സെന്ററില്‍ കളക്ടര്‍ വൈ. സഫറുള്ള സന്ദര്‍ശനം നടത്തിയപ്പോഴാണ് തങ്ങള്‍ക്കൊപ്പം പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥനാണെന്ന് പലരും തിരിച്ചറിയുന്നത്.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണന്‍ ഗോപിനാഥന്‍ ദാദ്ര- നഗര്‍ ഹവേലി കലക്ടറുടെ ചുമതലയാണ് വഹിച്ചിരുന്നത്. ആലപ്പുഴയിലെ മൂന്നു ദിവസത്തെ പ്രളയ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്തെത്തുന്നത്. കളക്ടര്‍ ആണ് ഇത്ര ദിവസം തങ്ങളുടെ കൂടെ ഉണ്ടായിരുന്നതെന്ന് അറിഞ്ഞ പലരും സെല്‍ഫിക്കാനായും മറ്റും അടുത്തുകൂടി. സംഭവം പുറം ലോകം അറിഞ്ഞതോടെ കളക്ടര്‍ വാര്‍ത്തകളില്‍ നിറഞ്ഞു…

കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസില്‍ നിന്ന് വിരമിക്കുന്നു എന്ന വാര്‍ത്തയാണ് ഈ പ്രളയകാലത്ത് കേരളം ഞെട്ടലോടെ കേട്ടത്. 2012 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് കണ്ണന്‍ ഗോപിനാഥന്‍. ദാദ്ര- നഗര്‍ ഹവേലി കളക്ടര്‍ എന്ന ചുമതലയ്ക്കപ്പുറം നഗര വികസനം, വൈദ്യുതി, കൃഷി എന്നീ ചുമതലകളും കണ്ണന്‍ വഹിച്ചിരുന്നു.

ഈ മാസം 21നാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസില്‍ നിന്ന് സ്വയം വിരമിച്ചുള്ള രാജി സമര്‍പ്പിക്കുന്നത്.  സര്‍വീസില്‍ തുടര്‍ന്നുകൊണ്ട് അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നില്ല എന്നാണ് രാജിക്കു കാരണമായി കണ്ണന്‍ പറയുന്നത്. എന്നാല്‍ രാജി പേഴ്‌സണല്‍ മന്ത്രാലയം ഇതുവരെ പരിഗണിച്ചിട്ടില്ല.

കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിന്റെ പടിയിറങ്ങുമ്പോള്‍ ഇനി എന്ത് എന്ന ചോദ്യമാണ് സുഹൃത്തുക്കളും അഭ്യുദയകാക്ഷികളും ഉന്നയിക്കുന്നത്. ഇതിനു മുന്‍പും ഐഎഎസ് ഉദ്യോഗം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുള്ള ഒരുപാട് പേരെ നമുക്കറിയാം. എസ് കൃഷ്ണകുമാര്‍ മുതല്‍ അല്‍ഫോണ്‍സ് കണ്ണന്താനം വരെയുള്ള മലയാളികള്‍ പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ സജീവമായതും നമ്മള്‍ കണ്ടു. എന്നാല്‍, കണ്ണന്‍ ഗോപിനാഥന്‍ തന്റെ മനസ് തുറന്നിട്ടില്ല… നമുക്ക് കാത്തിരിക്കാം…നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More