സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഗർഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ചു; ചാപിള്ളയെന്ന വ്യാജേന ആശുപത്രിയിൽ കാണിച്ചത് മാവ് കുഴച്ചുണ്ടാക്കിയ രൂപം !

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ ഗർഭിണിയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി. ചാപിള്ളയെന്ന വ്യാജേന ആശുപത്രിയിൽ കാണിച്ചത് മാവ് കുഴച്ചുണ്ടാക്കിയ രൂപവും. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് സംഭവം.
ചാപിള്ളയായി പിറന്ന കുഞ്ഞിന്റെ മുഖം കാണിക്കാൻ ഖാൻപുര സ്വദേശിനിയായ വിജയാവതി മോഹർസിൻ ഖുശ്വാൻ തയ്യാറായിരുന്നില്ല. ആചാരങ്ങൾക്ക് വിപരീതമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ചാപിള്ളയെന്ന് പറഞ്ഞ് യുവതി കാണിച്ചത് സത്യത്തിൽ മാവ് കുഴച്ചുണ്ടാക്കിയ രൂപം മാത്രമാണെന്ന് ആശുപത്രി അധികൃതർ കണ്ടെത്തി.
Read Also : ശക്തമായി ഒഴുകുന്ന പുഴയ്ക്കു കുറുകെ കയറിൽ തൂങ്ങി ഗർഭിണി; അതിസാഹസികമായ രക്ഷപെടുത്തൽ; വീഡിയോ
മുഖ്യമന്ത്രി ശ്രമിക് സേവ പ്രസുതി സഹായത യോജന പ്രകാരം ഗർഭിണികൾക്ക് ലഭിക്കുന്ന 16,000 രൂപ ലക്ഷ്യംവെച്ചായിരുന്നു യുവതിയുടെ നാടകമെന്ന് കൈലാരസ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ എസ്ആർ മിശ്ര പറഞ്ഞു. 2018 ലാണ് സർക്കാർ പദ്ധതി രൂപീകരിക്കുന്നത്. ഗർഭിണിയായതിനെ തുടർന്ന് ജോലിക്ക് പോകാൻ സാധിക്കാത്ത യുവതികൾക്കുള്ള സഹായമായാണ് ഈ തുക.
ആശ വർക്കറുടെ ഒപ്പമാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി ആശുപത്രിയിൽ എത്തിയത്. മതിയായ പരിശോധനകളില്ലാതെ യുവതിയെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ടുവന്ന ആശാ വർക്കർക്ക് ബ്ലോക്ക് മെഡിക്കൽ ഓഫീസർ നോട്ടീസ് അയച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here