പാലായിൽ പോരു തുടങ്ങി

പാലായിലെ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് എമ്മിൽ
പി.ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ ഉയർന്നു വരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി പി.ജെ ജോസഫ് വൈകീട്ട് രംഗത്തെത്തിയത്. പാർട്ടി യോഗം ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ആരുടെയും പേരുകളിലേക്ക് ഇപ്പോൾ പോകുന്നില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്റെ പ്രതികരണം.
Read Also; പാലാ ഉപതെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്നും ഭൂരിപക്ഷം കൂടുമെന്നും കുഞ്ഞാലിക്കുട്ടി
യോഗം ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പാർട്ടി തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ജോസഫ് വ്യക്തമാക്കി. പാർട്ടി ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ ജോസ് കെ മാണി വിഭാഗം വിട്ടുവീഴ്ച ചെയ്യാതെ നിഷ ജോസിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജോസഫ് പക്ഷം. അതേ സമയം പി.ജെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കുന്നതിനായി കോൺഗ്രസ് നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായാണ് നാളെ തിരുവനന്തപുരത്ത് യുഡിഎഫ് നേതൃയോഗം വിളിച്ചിരിക്കുന്നത്.
Read Also; പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളാകുക ഇവർ
ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിനുള്ളിലെ തർക്കം എത്രയും വേഗം അവസാനിപ്പിച്ച് പ്രചാരണ രംഗത്തിറങ്ങിയില്ലെങ്കിൽ തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിലയിരുത്തൽ. എന്നാൽ ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുണ്ടായ പിളർപ്പിനെ തുടർന്ന് പരസ്യമായ ഏറ്റുമുട്ടൽ തുടരുന്ന പി.ജെ ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങളെ എത്രയും പെട്ടെന്ന് ഒന്നിപ്പിക്കുകയെന്നത് യുഡിഎഫിന് ഏറെ ദുഷ്‌കരമാകും. അതേ സമയം സ്ഥാനാർത്ഥിയുടെ കാര്യത്തിൽ എൻഡിഎയിലും തർക്കങ്ങൾ ഉയർന്നിട്ടുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരി എൻഡിഎ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. എന്നാൽ കേരള കോൺഗ്രസ് നേതാവ് പി.സി തോമസ് മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Read Also; പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്
കേരള കോൺഗ്രസിന് വിജയപ്രതീക്ഷയുണ്ടെന്നും മത്സരിക്കാൻ സന്നദ്ധനാണെന്നും എൻഡിഎ യോഗത്തിൽ അറിയിക്കുമെന്ന് പി.സി തോമസ് പറഞ്ഞു.എൽഡിഎഫിൽ നിന്ന് മാണി സി കാപ്പനാകും സ്ഥാനാർത്ഥി.പാലാ നിയോജക മണ്ഡലത്തിൽ അടുത്ത മാസം 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നാണ് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. 27 നാണ് വോട്ടെണ്ണൽ. കേരള കോൺഗ്രസ് എം നേതാവ് കെ.എം മാണിയുടെ നിര്യാണത്തെ തുടർന്നാണ് പാലാ നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here