രണ്ടടിച്ച് ഗ്രീസ്മാൻ; ബെറ്റിസിനെ തകർത്ത് ബാഴ്സലോണ

മുഖ്യ താരങ്ങളൊന്നുമില്ലാതെയിറങ്ങിയിട്ടും ബാഴ്സലോണയ്ക്ക് കൂറ്റൻ ജയം. റയൽ ബെറ്റിസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് സ്പാനിഷ് ചാമ്പ്യന്മാർ കെട്ടുകെട്ടിച്ചത്. സൂപ്പർ താരം ലയണൽ മെസി, ലൂയിസ് സുവാരസ്, ഉസ്മാൻ ഡെംബലെ എന്നീ പ്രമുഖ അതാരങ്ങളില്ലതെ ഇറങ്ങിയിട്ടും മികച്ച ജയം കണ്ടെത്താനായത് ബാഴ്സയ്ക്ക് ആശ്വാസമാകും. രണ്ട് ഗോളും ഒരു അസിസ്റ്റും കണ്ടെത്തിയ ഫ്രഞ്ച് താരം അൻ്റോയിൻ ഗ്രീസ്മാനാണ് ബാഴ്സയ്ക്ക് ഉജ്ജ്വല വിജയമൊരുക്കിയത്. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് ഗ്രീസ്മാൻ ക്ലബിലെത്തിയത്.
റഫീഞ്ഞയും കാൾസ് പെരസും ഗ്രീസ്മാനുമാണ് ബാഴ്സ ആക്രമണം നയിച്ചത്. ഇരു വിങ്ങുകളിലായി റഫീഞ്ഞയും പെരസും അണിനിരന്നപ്പോൾ ഗ്രീസ്മാൻ സ്ട്രൈക്കറായി. 15ആം മിനിട്ടിൽ നെബിൽ ഫെക്കീറിലൂടെ ബെറ്റിസാണ് ആദ്യം സ്കോർ ചെയ്തത്. 41ആം മിനിട്ടിൽ ബാഴ്സയ്ക്കായി ഗ്രീസ്മാൻ ഗോൾ മടക്കി. സെർജി റോബർട്ടോയുടെ ആക്യുറേറ്റ് ക്രോസിൽ നിന്ന് ഒരു ഡിഫൻഡറെ വെട്ടിയൊഴിഞ്ഞ് ഗ്രീസ്മാൻ വല തുളച്ചു. ആദ്യ പകുതിയിൽ ഓരോ ഗോളുകൾ വീതമടിച്ച് ഇരു ടീമുകളും സമനില പാലിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബാഴ്സ വീണ്ടും മുന്നിലെത്തി. സെർജി റോബർട്ടോ തന്നെയാണ് രണ്ടാം ഗോളിനും വഴി തെളിച്ചത്. 50ആം മിനിട്ടിൽ റോബർട്ടോയുടെ പാസിൽ നിന്ന് ഒരു ഇടങ്കാലൻ ഷോട്ടു കൊണ്ട് ഗ്രീസ്മാൻ വീണ്ടും ഗോൾ നേടുകയായിരുന്നു. 56ആം മിനിട്ടിൽ കാൾസ് പെരസിലൂടെ ബാഴ്സ ലീഡുയർത്തി. നെൽസൻ സമേഡോയുടെ ക്രോസിൽ നിന്നായിരുന്നു പെരസ് സ്കോർ ചെയ്തത്. 60ആം മിനിട്ടിൽ ആൽബയിലൂടെ ബാഴ്സ വീണ്ടും ഗോളടിച്ചു. ബുസ്കറ്റ്സിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു ആൽബയുടെ ഗോൾ. 77ആം മിനിട്ടിൽ ബാഴ്സ അഞ്ചാം ഗോൾ കണ്ടെത്തി. ഗ്രീസ്മാൻ്റെ പാസിൽ ആർതൂറോ വിദാലാണ് ബാഴ്സയുടെ സ്കോറിംഗ് അവസാനിപ്പിച്ചത്. 79ആം മിനിട്ടിൽ ലോറനിലൂടെ ബെറ്റിസ് രണ്ടാം ഗോൾ അടിച്ചെങ്കിലും മത്സര ഫലം കുറിയ്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഇതിനിടെ 78ആം മിനിട്ടിൽ അരങ്ങേറിയ അനു ഫാത്തി ബാഴ്സയ്ക്കായി സീനിയർ ടീമിൽ ബൂട്ടണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡും കരസ്ഥമാക്കി. 16കാരനായ ഫാത്തി 17ആം വയസ്സിൽ അരങ്ങേറിയ സാക്ഷാൽ ലയണൽ മെസിയെ ആണ് മറികടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here