ഫെഡററെ വിറപ്പിച്ച് ഇന്ത്യൻ താരം സുമിത് നാഗൽ; പരാജയത്തിലും തല ഉയർത്തി മടക്കം

യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായി അവസരം ലഭിച്ച ഇന്ത്യന്‍ താരം സുമിത് നാഗല്‍ കാഴ്ചവെച്ചത് തകര്‍പ്പന്‍ പ്രകടനം. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സുമിത് ആദ്യ സെറ്റ് സ്വന്തമാക്കി എതിരാളിയെ ഞെട്ടിക്കുക തന്നെ ചെയ്തു. ഫെഡററോട് തോറ്റ് പുറത്തായെങ്കിലും തലയുയര്‍ത്തിയാണ് സുമിത് മടങ്ങുന്നത്. സ്‌കോര്‍ 4-6, 6-1, 6-2, 6-4.
റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് സ്വന്തമാക്കിയ സുമിത് ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമായി. ആദ്യ സെറ്റില്‍ 2-0 എന്ന നിലയില്‍ പിന്നിലായ ശേഷമാണ് 6-4ന് സുമിത് സെറ്റ് സ്വന്തമാക്കുന്നത്. ഗ്ലാന്‍ഡ്സ്ലാമില്‍ ആദ്യമത്സരം കളിക്കാനിറങ്ങി മുന്‍ ലോക ഒന്നാം നമ്പറെ ഇന്ത്യന്‍ താരം അട്ടിമറിക്കുമെന്ന പ്രതീതിയുളവാക്കിയെങ്കിലും തിരിച്ചടിച്ച ഫെഡറര്‍ പിന്നീട് കളിയില്‍ ആധിപത്യം സ്ഥാപിച്ചു.
യോഗ്യതാ റൗണ്ട് കളിച്ചെത്തിയ സുമിത് ആദ്യ മത്സരം കളിക്കുന്നതിന്റെ യാതൊരു പരിഭ്രമവും ഇല്ലാതെയാണ് ഫെഡററെ നേരിട്ടത്. നീളന്‍ റാലികള്‍ കളിക്കാനും ഫെഡറര്‍ക്ക് ഭീഷണിയുയര്‍ത്താനും കഴിഞ്ഞത് ഇന്ത്യന്‍ താരത്തിന് നേട്ടമായി. മികച്ച കളി കെട്ടഴിച്ച ഇന്ത്യന്‍താരം സ്റ്റേഡിയത്തിലെ ആരാധകരുടെ പ്രിയം പിടിച്ചുപറ്റിയാണ് മടങ്ങിയത്. ഫെഡററും സുമിത്തിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ചു.
യുഎസ് ഓപ്പണില്‍ കളിക്കാനിറങ്ങിയ മറ്റൊരു ഇന്ത്യന്‍ താരമായ പ്രജ്‌നേഷ് ഗുണേശ്വരനും ആദ്യ റൗണ്ടില്‍ പുറത്തായി. റഷ്യയുടെ ഡാനില്‍ മദ്‌വേദേവിനോട് 4-6, 1-6, 2-6 എന്ന സ്‌കോറിനാണ് പ്രജ്‌നേഷ് പരാജയം സമ്മതിച്ചത്. നാല് തവണ ഗ്രാന്‍ഡ്സ്ലാമില്‍ കളിച്ച പ്രജ്‌നേഷിന് നാലുതവണയും ആദ്യ റൗണ്ട് കടക്കാനായില്ല. ലോക റാങ്കിങ്ങില്‍ ആദ്യ നൂറിനുള്ളില്‍ ഇടം നേടാന്‍ കഴിഞ്ഞതാണ് പ്രജ്‌നേഷിന് ഗ്രാന്‍ഡ്സ്ലാമില്‍ കളിക്കാന്‍ വഴിതെളിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here