കാറിന്റെ മുൻവശത്ത് നിന്ന് തുളഞ്ഞ് കയറിയ സ്റ്റീൽ പൈപ്പ് ഡിക്കിയിലൂടെ പുറത്തെത്തി; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

ആലുവ അമ്പാട്ടുകാവ് മെട്രോ സ്റ്റേഷന്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കൈവരിയിലെ സ്റ്റീൽ പൈപ്പ് കാറിന്റെ മുൻവശത്ത് നിന്ന് തുളഞ്ഞുകയറി കാറിനകത്ത് കൂടി ഡിക്കി തുളച്ചാണ് പുറത്തെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് മെട്രോ സ്റ്റേഷന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയ കാർ അമ്പതോളം മീറ്ററോളം മുന്നോട്ട് പോയി. ഇതിനിടെയാണ് കൈവരിയിലെ സ്റ്റീൽ പൈപ്പുകളിലൊന്ന് കാറിനുള്ളിലൂടെ തുളഞ്ഞുകയറിയത്.
മുൻവശത്ത് ബോണറ്റിനുള്ളിലൂടെ തുളഞ്ഞുകയറിയ സ്റ്റീൽ പൈപ്പ് മുൻവശത്ത് ഡ്രൈവറുടെ വശത്തുള്ള സീറ്റും പുറകിലെ സീറ്റും ഡിക്കിയും തുളച്ച് നാലടിയിലേറെ നീളത്തിൽ പുറത്തേക്ക് തള്ളിയാണ് നിന്നത്. കാർ അമിതവേഗത്തിലായിരുന്നതാണ് കൈവരിയിലെ സ്റ്റീൽ പൈപ്പുകൾ കാറിനുള്ളിലൂടെ തുളച്ചു കയറാൻ കാരണമായത്. കർണാടകയിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് പോകുകയായിരുന്നു കാർ. റോഡരികിലെ കുഴി കണ്ടപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ഡ്രൈവർ ഫോർട്ട്‌കൊച്ചി കുന്നുംപുറത്ത് റിസ്വാൻ(36) പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാളെ പിന്നാലെയെത്തിയ വാഹനത്തിലെ യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here