ഫിറോസ് ഷാ കോട്ല സ്റ്റേഡിയം പേരുമാറ്റുന്നു; ഇനി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്നറിയപ്പെടും

ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം പേരുമാറ്റുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയോടുള്ള ബഹുമാനാർത്ഥം അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം എന്ന് ഫിറോസ് ഷാ കോട്ലയ്ക്ക് പേര് നൽകാനാണ് തീരുമാനം. ഡെൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
സെപ്റ്റംബർ 12 ന് നടക്കുന്ന ഔദ്യോഗിക ചടങ്ങിലാകും സ്റ്റേഡിയത്തിന് പുതിയ പേര് നൽകുക. നേരത്തെ ഫിറോസ് ഷായിലെ സ്റ്റാൻഡുകളിലൊന്നിന് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പേര് നൽകുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരുന്നു. ഈ ചടങ്ങും സെപ്തംബർ 12നു തന്നെ നടക്കും. ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് ഈ ചടങ്ങുകൾ നടക്കുമെന്നാണ് കരുതുന്നത്. ചടങ്ങിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ പങ്കെടുക്കും.
ക്രിക്കറ്റിനോട് ഏറെ അടുപ്പമുള്ള നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച അരുൺ ജെയ്റ്റ്ലി. ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി മുൻപ് സേവനം അനുഷ്ഠിച്ചിട്ടുള്ള താരം ബിസിസിഐയുടെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. നേരത്തെ ഫിറോസ് ഷാ കോട്ലയ്ക്ക് അരുൺ ജെയ്റ്റ്ലിയുടെ പേരു നൽകണമെന്ന് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here