പരിക്ക്; മെസി ഒരു മാസം പുറത്തിരിക്കുമെന്ന് റിപ്പോർട്ട്

പരിക്കേറ്റ ബാഴ്സലോണ സൂപ്പർ താരം ലയണൽ മെസി ഒരു മാസം കളത്തിനു പുറത്തിരിക്കുമെന്ന് റിപ്പോർട്ട്. സീസണിലെ രണ്ട് മത്സരങ്ങളിലും പരിക്കിനെത്തുടർന്ന് കളിക്കാതിരുന്ന മെസി ഒരു മാസത്തിനു ശേഷമേ കളിക്കളത്തിൽ മടങ്ങിയെത്തൂ. കറ്റാലൻ ഡെയിലി സ്പോർട് ആണ് വാർത്ത പുറത്തു വിട്ടത്.
Read Also: അൻസു അരങ്ങേറി; മെസിയുടെ റെക്കോർഡ് തകർന്നു
ഈ ആഴ്ചയിൽ ഒസാസുനയ്ക്കെതിരെ നടക്കുന്ന മത്സരത്തോടെ മെസി തിരികെയെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മെസിയുടെ തിരിച്ചുവരവ് നീളും. വലൻസിയ, ഗ്രനാഡ, വിയ്യാറയൽ എന്നീ ടീമുകൾക്കെതിരെയുള്ള സ്പാനിഷ് ലീഗ് മത്സരങ്ങളും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരവും മെസിക്ക് നഷ്ടമാവും.
Read Also: റോണാൾഡോയെക്കാൾ കേമൻ മെസി തന്നെയെന്ന് സൂപ്പർ കമ്പ്യൂട്ടർ
മെസിയില്ലാതെ രണ്ട് മത്സരങ്ങൾ കളിച്ച ബാഴ്സലോണ ഒരു മത്സരത്തിൽ വിജയിച്ചപ്പോൾ മറ്റൊന്നിൽ പരാജയപ്പെട്ടു. അത്‌ലറ്റിക് ക്ലബിനെതിരെ നടന്ന സീസണിലെ ആദ്യ മത്സരം എതിരില്ലാത്ത ഒരു ഗോളിനു പരാജയപ്പെട്ട ബാഴ്സ ബെറ്റിസിനെതിരായ അടുത്ത മത്സരം രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചു. രണ്ട് ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ ഫ്രഞ്ച് സ്ട്രൈക്കർ അൻ്റോയിൻ ഗ്രീസ്മാനാണ് ബാഴ്സയുടെ വിജയശില്പി. ഈ ട്രാൻസ്ഫർ വിൻഡോയിലാണ് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഗ്രീസ്മാൻ ബാഴ്സലോണയിലെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here