പാലായില്‍ ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍; ശനിയാഴ്ച നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

മാണി സി കാപ്പന്‍ പാലായില്‍ ഇടതു സ്ഥാനാര്‍ഥി. എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയാണ് മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.
പാലായില്‍ ഇക്കുറി ജയം ഉറപ്പെന്ന് മാണി സി കാപ്പന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ മാണി സി കാപ്പന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും . പാലായിലെ മത്സര രംഗത്ത് മാണി സി കാപ്പന് ഇത് നാലാം ഊഴമാണ്. കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഓരോ തവണയും കെ എം മാണിയുടെ ഭൂരിപക്ഷം കുറയ്ക്കുകയും കഴിഞ്ഞ തവണ 4307 വോട്ടായി ഭൂരിപക്ഷം ചുരുക്കുകയും ചെയ്ത മാണി സി കാപ്പന്‍ ഇത്തവണ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.
ശനിയാഴ്ച രാവിലെ 10 നും 11 നും ഇടയ്ക്ക് മാണി സി കാപ്പന്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഇടതു മുന്നണിയുടെ മണ്ഡലം കണ്‍വന്‍ഷന്‍ വരുന്ന ബുധനാഴ്ച ചേരും. 5, 6 തീയതികളില്‍ പഞ്ചായത്ത് കണ്‍വെന്‍ഷനും ഞായര്‍ മുതല്‍ അടുത്ത വെള്ളി വരെ ബൂത്ത് കണ്‍വെന്‍ഷനുകളും നടക്കും. നേരത്തെ ഇടതുമുന്നണി യോഗം മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കിയിരുന്നു. കേരള കോണ്‍ഗ്രസിലെ നിലവിലെ ഭിന്നത ഗുണകരമാവുമെന്ന വിലയിരുത്തലാണ് മുന്നണിയ്ക്കുള്ളത്. പ്രമുഖ സിനിമാ നിര്‍മാതാവും മുന്‍ ഇന്ത്യന്‍ വോളിബോള്‍ താരവുമായ മാണി സി കാപ്പന്‍ നിലവില്‍ എന്‍സിപി സംസ്ഥാന ട്രഷററാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here