ഒഴിവാക്കിയതല്ല, പിന്മാറിയതാണ്; ടീം സുരക്ഷിതമായ കൈകളിലാണെന്ന ഉറപ്പ് ലഭിച്ചിട്ടേ ധോണി വിരമിക്കൂ എന്ന് സെലക്ടർ

അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന ടി-20 സീരീസിൽ ധോണിയെ ഉൾപ്പെടുത്താതിരുന്നതിനുള്ള കാരണമറിയിച്ച് മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ്. ധോണിയെ ഒഴിവാക്കിയതല്ലെന്നും അദ്ദേഹം സ്വയേഷ്ടപ്രകാരം പിന്മാറിയതാണെന്നും പ്രസാദ് പറഞ്ഞു. സുരക്ഷിതമായ കൈകളിലാണ് ടീമിന്റെ ഭാവിയെന്നു ഉറപ്പിച്ചു കഴിഞ്ഞ ശേഷം മാത്രമേ താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയുള്ളൂവെന്നു ധോണി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വയം പിന്‍മാറിയതിലൂടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിനു സമയം നല്‍കുകയാണ് ധോണി ചെയ്തിരിക്കുന്നതെന്ന് സെലക്ടര്‍ വ്യക്തമാക്കി. ധോണിയെ ഇന്ത്യന്‍ ടീമില്‍ നിന്നും തഴയുകയാണോയെന്ന ചോദ്യം പോലും അപ്രസക്തമാണ്. ലോകകപ്പ് മുന്നില്‍ കണ്ട് ടീമിനു തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടി സമയം നല്‍കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ടീമിനാണ് ധോണി പ്രഥമ പരിഗണന നല്‍കുന്നത്. പുറത്തുള്ളവര്‍ എന്തു തന്നെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാലും അദ്ദേഹം അതൊന്നും ശ്രദ്ധിക്കാറില്ലെന്നും സെലക്ടര്‍ വിശദമാക്കി.
റിഷഭ് പന്തിനു പരിക്കേറ്റാല്‍ പകരം ആരെ കളിപ്പിക്കുമെന്നു പോലും ഇന്ത്യക്കു ഉത്തരം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് തല്‍ക്കാലം വിരമിക്കല്‍ നീട്ടി വയ്ക്കാന്‍ തയ്യാറാണെന്നു ധോണി സമ്മതിച്ചത്. നിലവിലെ സാഹചര്യത്തില്‍ ധോണിയെ ഒഴിവാക്കേണ്ട കാര്യമില്ല. ഏറ്റവും ഉചിതമായ സമയത്തു മാത്രമേ അദ്ദേഹം ക്രിക്കറ്റ് വിടുകയുള്ളൂവെന്നും പ്രസാദ് അറിയിച്ചു.
ഏകദിന ലോകകപ്പിനു ശേഷം തന്റെ ഭാവിയെക്കുറിച്ചു ധോണി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സെലക്ടര്‍ വ്യക്തമാക്കി. അതുകൊണ്ടാണ് പകരക്കാരനെ കണ്ടെത്തുന്നതിന് അദ്ദേഹം സമയം അനുവദിച്ചത്. ധോണിക്കു ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി അത്ര ശോഭനമല്ല. പന്തിന് പരിക്കേല്‍ക്കുകയോ, മറ്റെന്തെങ്കിലും കാരണത്താല്‍ ടി-20 ലോകകപ്പ് നഷ്ടമാവുന്ന അവസ്ഥ ഉണ്ടാവുകയും എന്തു ചെയ്യണമെന്നു കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here