ഡോക്ടർമാർ ചാപിള്ളയെന്ന് വിധിയെഴുതിയ കുഞ്ഞ് ഇന്ന് ലക്ഷാധിപതി

ജീവന്റെ തുടിപ്പുകൾ ഉണ്ടായിട്ടും ജനിച്ച ഉടൻ ചവറ്റുകുട്ടയിൽ വീഴാനായിരുന്നു കുഞ്ഞു നൂപൂറിന്റെ വിധി. കുഞ്ഞിന് ജീവനുണ്ടെന്ന് ഒരു ബന്ധു തിരിച്ചറിഞ്ഞതോടെ അവൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ ഡോക്ടർമാരുടെ അനാസ്ഥ തുടർന്നുള്ള അവളുടെ ജീവിതത്തെ സാരമായി ബാധിച്ചു. വൈകല്യങ്ങളെ അതിജീവിച്ച് അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന കോൻ ബനേഗ ക്രോർപതിയിലെത്തി ലക്ഷാധിപതിയായിരിക്കുകയാണ് നൂപൂർ.
ഉത്തർപ്രദേശ് സ്വദേശിനിയാണ് 29 വയസുകാരിയായ നൂപുർ സിംഗ്. ഉന്നാവ് ജില്ലക്കാരായ രാംകുമാർ സിംഗിന്റേയും കൽപനയുടേയും മകൾ. കാൻപൂരിലെ ആശുപത്രിയിലായിരുന്നു അവളുടെ ജനനം. ജനിച്ച ഉടൻ തന്നെ കുഞ്ഞിന് ജീവനില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി. ജീവനില്ലാത്ത കുഞ്ഞിനെ മാതാപിതാക്കൾ ചവറ്റുകൂടയിൽ തള്ളി. പിന്നാലെ പോയി പരിശോധിച്ച ഒരു ബന്ധുവാണ് കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ജനിച്ച ഉടൻ വേണ്ടത്ര പരിചരണം ലഭിക്കാത്തത് മൂലം ശാരീരിക പ്രശ്‌നങ്ങളോടെയാണ് നൂപൂർ വളർന്നത്. നടക്കാൻ പ്രയാസമുണ്ടായിട്ടും വീൽചെയർ അവൾ ഉപയോഗിച്ചില്ല. തന്നേക്കാൾ വൈകല്യമുള്ളവർ വീൽ ചെയർ ഉപയോഗിക്കട്ടെയെന്ന് അവൾ ആഗ്രഹിച്ചു. പഠിക്കാൻ മിടുക്കിയായിരുന്ന നൂപൂർ ബിഎഡ് പൂർത്തിയാക്കി. പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ട്യൂഷൻ ക്ലാസുകൾ എടുത്ത് നൽകുന്നുമുണ്ട്.
കോൻ ബനേഗ ക്രോർപതിയിലെത്തിയതോടെ നൂപുറിന്റെ വലിയൊരു ആഗ്രഹമാണ് സഫലമായത്. പരിപാടിയുടെ സ്ഥിരം പ്രേക്ഷകയായിരുന്നു നൂപുർ. കോൻ ബനേഗ ക്രോർപതി ടിവിയിൽ കാണുമ്പോൾ മത്സരാർത്ഥികളെക്കാളും മുൻപേ നൂപുർ ശരിയുത്തരം നൽകിയിരുന്നു. നൂപുറിന്റെ ആ സാമർത്ഥ്യമാണ് അവളെ അമിതാഭ് ബച്ചനൊപ്പം ആ വേദിയിലെത്തിച്ചത്. നിശ്ചയദാർഢ്യവും പരിശ്രമവും ഒത്തുചേർന്നതോടെ നൂപൂർ ലക്ഷാധിപതിയായി. 12.5 ലക്ഷം രൂപയാണ് നൂപുർ സ്വന്തം പേരിലാക്കിയത്. കോൻ ബനേഗ ക്രോർപതിയിൽ വിജയിയാതോടെ നാട്ടിലും താരമായിരിക്കുകയാണ് നൂപൂർ, അവളുടെ വിജയകഥ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here