മിതാലി രാജ് ബയോപിക്ക്; ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് നടി തപ്സി പന്നു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്കിനെപ്പറ്റി ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് നടി തപ്സി പന്നു. മിതാലിയായി തപ്സി വേഷമിടുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ വന്നത്. ഈ റിപ്പോർട്ടുകളോട് പ്രതികരിക്കവെയാണ് തപ്സി ഇക്കാര്യം അറിയിച്ചത്.
കായിക ഇനങ്ങളോട് തനിക്ക് വളരെ താത്പര്യമുണ്ടെന്നും അതുകൊണ്ടാവാം ധാരാളം ബയോപിക്കുകൾ തന്നെ തേടി വരുന്നതെന്നും തപ്സി പറഞ്ഞു. തന്നെ തേടി വന്ന സ്പോർട്സ് സിനിമകൾക്ക് എണ്ണമില്ലെന്നും തപ്സി ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ അറിയിച്ചു.
‘മിതാലി രാജിനെപ്പറ്റിയുള്ള ബയോപിക്കും എന്നെത്തേടി വന്നിരുന്നു. സിനിമയുടെ ഭാഗമാവാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ, അത് സംഭവിക്കുമോ ഇല്ലയോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ല. ചർച്ചകൾ നടക്കുകയാണ്’- തപ്സി പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി താപ്‌സി വേഷമിട്ടിരുന്നു. പുതിയ ചിത്രമായ സാന്ത് കി ആങ്കില്‍ ഒരു ഷാര്‍പ്പ് ഷൂട്ടറുടെ വേഷത്തിലാണ് തപ്സി. അനുരാഗ് കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here