കോൺഗ്രസ് വിട്ടത് രാജീവ് ഗാന്ധിയെ എതിർത്ത്; ഒടുവിൽ ബിജെപി പാളയത്തിൽ; ആരിഫ് മുഹമ്മദ് ഖാന്റെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതം

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന പി സദാശിവത്തിൽ നിന്നും കേരള ഗവർണർ പദവിയെത്തുന്നത് രാഷ്ട്രീയ രംഗത്ത് ഏറെ അനുഭവസമ്പത്തുള്ള ആരിഫ് മുഹമ്മദ് ഖാനിലേക്കാണ്. പല പാർട്ടികളുടെ ഭാഗമായി പ്രവർത്തിച്ച ആരിഫ് ഖാൻ രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായിരുന്നു. മുസ്ലീം സമുദായത്തിന്റെ പരിഷ്‌ക്കരണം സംബന്ധിച്ച് ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആരിഫ് ഖാൻ. കോൺഗ്രസിന്റേയും ബിജെപിയുടേയും ഭാഗമായി പ്രവർത്തിച്ച ആരിഫ് ഖാന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക്…
1951 ൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലായിരുന്നു ആരിഫ് ഖാന്റെ ജനനം. ഡൽഹിയിലെ ജാമിയ മില്ലിയ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ലക്‌നൗ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതു രംഗത്തേക്ക് കടന്നുവന്നത്. ഭാരതീയ ക്രാന്തി ദളിന്റെ അംഗമായി സിയാന മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലേക്ക്. എന്നാൽ കന്നി അങ്കത്തിൽ പരാജയമായിരുന്നു ഫലം. തുടർന്ന് 1977 ൽ തന്റെ 26-ാം വയസിൽ ആരിഫ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് കോൺഗ്രസിൽ ചേർന്ന ആരിഫ് മുഹമ്മദ് ഖാൻ, 1980 ൽ കാൺപൂരിൽ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു. തുടർന്ന് രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗമായി. ഷാബാനോ കേസിൽ രാജീവ് ഗാന്ധി കൈക്കൊണ്ട നിലപാടിൽ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. ഷാബാനോ കേസിനെതിരെ സുപ്രീംകോടതിയിൽ അദ്ദേഹം വാദിക്കുകയും ചെയ്തു. 1986 ൽ രാജീവ് ഗാന്ധിയെ എതിർത്ത്
ആരിഫ് ഖാൻ കോൺഗ്രസ് വിട്ടു.
ജനതാദളായിരുന്നു ആരിഫ് ഖാന്റെ അടുത്ത തട്ടകം. 1989 ൽ ജനതാദളിന്റെ അംഗമായി ലോക്‌സഭയിലെത്തി. വി പി സിംഗിന്റെ നേതൃത്വത്തിലുള്ള ജനതാദൾ സർക്കാരിന്റെ കേന്ദ്ര വ്യോമയാന-ഊർജ വകുപ്പ് മന്ത്രിയായി. അതിന് ശേഷം ആരിഫ് ഖാനെത്തിയത് ബിഎസ്പിയിലായിരുന്നു. അവിടെ നിന്നും 2004 ൽ ബിജെപിയിലെത്തി. തുടർന്ന് കാസിർഗഞ്ജ് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2007 ൽ ബിജെപി വിട്ടെങ്കിലും പിന്നീട് ബിജെപിയുമായി സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.
ബിജെപി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിരോധനത്തെ ആരിഫ് ഖാൻ പിന്തുണച്ചിരുന്നു. മൂന്ന് വർഷത്തെ തടവ് എന്ന നിർദേശം മുന്നോട്ടുവച്ചത് ആരിഫ് മുഹമ്മദ് ഖാനായിരുന്നു. കശ്മീർ പ്രത്യേക പദവി വിഷയത്തിലും ആരിഫ് ഖാൻ കേന്ദ്രസർക്കാരിനെ അനുകൂലിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷമായി സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ചയോട് കൂടി അദ്ദേഹം കേരള ഗവർണറായി ചുമതലയേൽക്കുമെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here