അണ്ടർ-15 സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ: നേപ്പാളിനെ ഏഴു ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ കുട്ടികൾ; കിരീടം

നേപ്പാളിനെ തകർത്ത് ഇന്ത്യക്ക് അണ്ടർ-15 സാഫ് കിരീടം. ഫൈനലില്‍ നേപ്പാളിനെ ഇന്ത്യന്‍ കുട്ടികൾ തോൽപിച്ചത് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ്. ഹാട്രിക് നേടിയ ശ്രീദത്താണ് ഇന്ത്യന്‍ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. 52, 76, 80 മിനിറ്റുകളിലാണ് ശ്രീദത്ത് നേപ്പാളിന്റെ വല കുലുക്കിയത്. ഇന്ത്യയുടെ മൂന്നാം അണ്ടർ-15 സാഫ് കപ്പാണിത്.
15-ാം മിനിറ്റില്‍ മഹേസണ്‍ സിംഗിലൂടെയാണ് ഇന്ത്യ ഗോൾവേട്ട ആരംഭിച്ചത്. ശ്രീദത്തിൻ്റെ ഹാട്രിക്കിനു പുറമെ അമന്‍ദീപ്, സിബാജിത് സിംഗ്, ഹിമാന്‍ഷു ജാംഗ്ര എന്നിവരും ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ നേപ്പാളിനെ പരാജയപ്പെടുത്തിയിരുന്നു. അഞ്ചു ഗോളുകള്‍ക്കായിരുന്നു അന്ന് ഇന്ത്യയുടെ വിജയം.
ഒരു ഗോള്‍ പോലും വഴങ്ങാത്ത ഇന്ത്യന്‍ ടീം 5 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളാണ് നേടിയത്. ആകെ ഏഴു ഗോളുകൾ നേടിയ ഹിമാന്‍ഷു ജാംഗ്രയാണ് ടൂർണമെൻ്റിലെ ടോപ് സ്‌കോറര്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here