Advertisement

’19 ലക്ഷം പേർ! അവരെ നിങ്ങളെന്തു ചെയ്യും?’; ശ്രദ്ധേയമായി മാധ്യമപ്രവർത്തകൻ പി.ജെ.ബേബിയുടെ ലേഖനം

September 1, 2019
Google News 1 minute Read

അസം പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. ഒരു സുപ്രഭാതത്തിൽ ഇന്ത്യൻ പൗരത്വത്തിൽ നിന്നും തൂക്കി എറിയപ്പെട്ട് ആരുമല്ലാതായ 19 ലക്ഷത്തിനൊപ്പമാണ് ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളുടെ ഹൃദയവും. ഇതെ കുറിച്ച് മാധ്യമപ്രവർത്തകൻ പി.ജെ.ബേബി എഴുതിയ ലേഖനം ശ്രദ്ധേയമാവുകയാണ്.

‘ഒരു സുപ്രഭാതത്തിൽ 19 ലക്ഷം മനുഷ്യരെ പൗരന്മാരല്ലാതാക്കിയ പൗരത്വ രജിസ്റ്ററിന്റെ ക്രൂരതയെയും മനുഷ്യത്വ വിരുദ്ധതയെയും കുറിച്ച് ഒന്നും പറയുന്നില്ല. ഇതിനെ ന്യായീകരിക്കുന്നവരെപ്പോലെ ക്രൂരനാകാൻ ശ്രമിച്ച് അതിന്റെ രാഷ്ട്രീയസാമ്പത്തിക യുക്തികൾ മാത്രമാണിവിടെ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത്’ എന്ന് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. 19 ലക്ഷം അസം പൗരന്മാരെ എന്ത് ചെയ്യുമെന്ന് ചോദിക്കുകയാണ് ലേഖനത്തിലൂടെ.

ലേഖനത്തിന്റെ പൂർണ്ണ രൂപം :

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്. അത് പരിഹരിക്കാൻ നിർമല സീതാരാമൻ സാമ്പത്തിക നടപടി പ്രഖ്യാപിച്ചു. ബാങ്കുകളെ ലയിപ്പിക്കും. നികുതി എടുത്തുകളയും, (ക്യാപിറ്റൽ ഗെയിൻസ് ടാക്‌സ് ) ബാക്കിയുള്ള നികുതി വരുമാനം കൊണ്ട് ചിലവാക്കാതെ കിടക്കുന്ന കാറുകൾ വാങ്ങിക്കൂട്ടും. (അതിന് പെട്രോളടിക്കാൻ എന്തുചെയ്യും?അതപ്പോഴല്ലേ? അപ്പാൾ പെട്രോളിന് വീണ്ടും നികുതി കൂട്ടും)

ഇതേ തോതിൽ സാമ്പത്തിക മാന്ദ്യത്തെ നേരിടാനുളള രാഷ്ട്രീയ നടപടിയാണ് 19 ലക്ഷം പേരെ ഈ രാജ്യക്കാരല്ല എന്ന ചാപ്പകുത്തൽ. (ഞങ്ങടെ പ്രധാന മന്ത്രിക്ക് 56 ഇഞ്ച് ,സകല നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കാൻ കരുത്തുണ്ട്.)സംഘികൾക്ക് ആഹ്‌ളാദപൂർവം വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വിളിച്ചു കൂകാം, ഞെളിയാം. പക്ഷേ എന്താണതിന്റെ സാമ്പത്തിക തലം?പ്രായോഗികത ? അവരെ ഏറ്റെടുക്കാൻ നേപ്പാൾ, ചൈന, മ്യാൻമർ ,ബംഗ്ലാദേശ്,പാകിസ്താൻ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങളൊന്നും തയ്യാറല്ല. കപ്പലിൽക്കയറ്റിയെത്തിച്ചാൽ (വിമാനം മോഡി മാജിക്കിൽ പറത്തൽ സർക്കാരിന്റെ പണിയല്ലല്ലോ) ഏറ്റെടുത്തോളാമെന്ന് ട്രംപ് ചേട്ടനോ നെതന്യാഹു ഗുരുവോ പറഞ്ഞിട്ടുമില്ല.

അവർക്ക് മനുഷ്യരെന്നാണ് പേര്. അതു കൊണ്ട് കീടനാശിനി ആകാശത്തു നിന്ന് സ്‌പ്രേ ചെയ്ത് കൊല്ലാൻ പറ്റില്ല . മുമ്പ് മാതൃകാ പുരുഷനായ ഹിറ്റ്‌ലർ കണ്ടു പിടിച്ച പരിഹാരമുണ്ട്. ജൂതന്മാരെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ കൊണ്ടുവരിക ,കൊന്നൊടുക്കുക, മൃതദേഹത്തിൽ
നിന്ന് മുതലാക്കാവുന്ന സകലതും മുതലാക്കുക (മുടിയും ആഭരണങ്ങളും മറ്റും). ഇക്കാലത്ത്
വൃക്കയടക്കം അവയവങ്ങളും വിൽക്കാം. നല്ല സ്വപ്നമാണ്. പക്ഷേ നടക്കുമോ?
ഇക്കാല ലോകം അനുവദിക്കുമോ? അവരെ കൊന്നൊടുക്കാനുള്ള അവകാശത്തിനായി നിങ്ങൾ ബാക്കി മുഴുവൻ ലോകത്തോടും മൂന്നാം ലോകയുദ്ധം നടത്താൻ ധൈര്യപ്പെടുമോ?
വീണ്ടും ചോദിക്കുന്നു: 19 ലക്ഷം പേർ !! അവരെ നിങ്ങളെന്തു ചെയ്യും?

നിങ്ങൾക്കാകെ കഴിയുക അതിനിയും കുറച്ച് വല്ല ഒന്നോ രണ്ടോ ലക്ഷമാക്കി അവരെ തടങ്കൽപ്പാളയങ്ങളിലടക്കാൻ മാത്രമാണ്. അപ്പോഴും അവ കെട്ടിപ്പൊക്കാനും പാറാവുകാർക്ക് ശമ്പളം കൊടുക്കാനും അവർക്ക് ഭക്ഷണം കൊടുക്കാനും കക്കൂസുണ്ടാക്കാനും പണം വേണ്ടിവരും. അതെത്രയെന്ന് നിങ്ങൾക്ക് വല്ല ബോധവുമുണ്ടോ?

നിങ്ങളുടെ യജമാനൻ ഭ്രാന്തൻ ട്രംപ് പൗരത്വത്തിന്റെ പേരിൽ കുറെ പിഞ്ചു കുഞ്ഞുങ്ങളെ അമ്മമാരുടെ മാറിൽ നിന്ന് പറിച്ചെടുത്തു.എന്നിട്ടെന്തുണ്ടായി ? ട്രംപിന് പറ്റാത്തത് നിങ്ങൾക്ക് പറ്റുമോ?

1980കളിൽ ഖാലിസ്ഥാൻ പ്രക്ഷോഭവും ആസ്സാം പ്രക്ഷോഭവും ആളിക്കത്തിച്ചത് റീഗന്റെ തീവ്ര ശീതസമര പദ്ധതിയുടെ ഭാഗമായി ഒഴുകിയ പണവും ആയുധങ്ങളുമാണ്.
വിദേശികളെ പുറത്താക്കുകയെന്ന മുദ്രാവാക്യം നിങ്ങളന്ന് ചോരമണത്ത ചെന്നായകളെപ്പോലെ ഏറ്റെടുത്തു. നിങ്ങളത് നുഴഞ്ഞു കയറിയ ഒരു കോടി മുസ്ലീങ്ങളെ പുറത്താക്കുകയെന്ന ‘രാജ്യസ്‌നേഹ ‘മുദ്രാവാക്യമായി നാട്ടിലെങ്ങും പ്രചരിപ്പിച്ചു; വൾഗീയത ആളിക്കത്തിച്ചു വളർന്ന് ഇന്ന് മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി. ഒരു പ്രതിപക്ഷവും ഇന്നില്ല. എന്നിട്ടും ആ ഒരു കോടി എങ്ങനെ കുറഞ്ഞ് കുറഞ്ഞ് 19 ലക്ഷമായി? നിങ്ങളുടെ ആറു മാസം മുമ്പത്തെ ലിസ്റ്റിൽ 40 ലക്ഷം പൗരത്വമില്ലാത്തവർ.ഇപ്പോൾ വെറും 19 ലക്ഷം.ആറുമാസം കൊണ്ട് 21 ലക്ഷം പേർ പൗരന്മാരായി മാറിയ ആ വിദ്യ പ്രയോഗിച്ചത് നിങ്ങളല്ല, കോൺഗ്രസോ മറ്റോ ആയിരുന്നെങ്കിൽ ?? നിങ്ങൾ ഈ രാജ്യത്തിന് ഇപ്പോൾ തീ വെക്കുകയായിരുന്നേനെ!

വീണ്ടും ചോദിക്കുന്നു: നിങ്ങളീ 19 ലക്ഷത്തെ എന്തുചെയ്യും?  അതിനു മാത്രമുള്ള ക്യാമ്പുകളുണ്ടാക്കി അവരെ തടവിൽ സൂക്ഷിക്കാൻ എത്ര ലക്ഷം കോടി വേണ്ടിവരുമെന്നാണ് നിങ്ങൾ കരുതുന്നത്? ഇതിനുള്ള പണം രാജ്യത്തെ ക്രിസ്ത്യാനികളിൽ നിന്നും മുസ്ലീങ്ങളിൽ നിന്നുമായി പിടിച്ചുപറിക്കുമോ? അതല്ല നൂറുകോടിയിലേറെ വരുന്ന ഹിന്ദുക്കളിൽ നിന്നു കൂടി പിഴിഞ്ഞൂറ്റിയാൽ അവരിലെ 80 കോടിയിലേറെ വരുന്ന ദരിദ്ര നാരായണന്മാർ ചത്തു തുലയില്ലേ?

വർഗീയത ആളിക്കത്തിക്കാൻ കൊല്ല്, തല്ല് എന്നു പറഞ്ഞ് താത്കാലിക ഭ്രാന്ത് കെട്ടഴിച്ചുവിട്ടു വളരുക എളുപ്പമാണ്. പക്ഷേ പ്രയോഗത്തിൽ വരുത്താൻ എളുപ്പമല്ല. ആ 19 ലക്ഷം മഹാത്മജിയുടെ സിവിൽ നിയമലംഘനം സ്വീകരിച്ച് ഞങ്ങളെ അറസ്റ്റ് ചെയ്ത് എന്ത് വേണമെങ്കിലും ചെയ്യൂ എന്നു പറഞ്ഞു ആസാം നഗര കേന്ദ്രങ്ങളിൽ സത്യാഗ്രഹമിരുന്നാൽ നിങ്ങളെന്തു ചെയ്യും ബുദ്ധിമാന്മാരെ?

ദീപാവലിക്ക് പൊട്ടിക്കാനല്ലാതെ സൂക്ഷിച്ചു വച്ച അണുബോംബിടുമോ?
എനിക്കു മാത്രമല്ല, രാജ്യത്തെ സാധാരണ സംഘികളടക്കം സകല പൗരന്മാർക്കുംജിജ്ഞാസയുണ്ട്. :നിങ്ങളവരെ എന്തു ചെയ്യാൻ പോകുന്നു?

പറയൂ, മഹാ ബുദ്ധിമാന്മാരെ, പറയൂ !
നിങ്ങളവരെ എന്തു ചെയ്യാൻ പോകുന്നു?

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here