Advertisement

ഇടിമുറികൾ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ മാത്രമല്ല, കൊച്ചി മഹാരാജാസിലുമുണ്ട് : ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ കമ്മറ്റി

September 2, 2019
Google News 1 minute Read

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിനു പുറമെ എസ്എഫ്ഐ നിയന്ത്രിക്കുന്ന പല കോളേജുകളിലെയും യൂണിയൻ ഓഫീസുകൾ ഇടിമുറിയായി പ്രവർത്തിക്കുന്നുവെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ അധ്യക്ഷനായ സ്വതന്ത്ര കമ്മിഷന്റെ റിപ്പോര്‍ട്ട്. തിരുവനന്തപുരം ആർട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് എന്നിവിടങ്ങളിലാണ് ഇടിമുറികളു ള്ളതായി കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് കലാലയങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്നുണ്ടായ പരാതിയുടെ പശ്ചാത്തലത്തില്‍ ‘സേവ് യൂണിവേഴ്‌സിറ്റി കോളേജ് കാമ്പയിന്‍ കമ്മിറ്റി’യാണ് കമ്മീഷന്‍ രൂപീകരിച്ചത്. കമ്മിഷന്‍ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു.യൂണിവേഴ്സിറ്റി കോളേജിന് പുറമേ തിരുവനന്തപുരം ആർട്‌സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട് മടപ്പള്ളി കോളേജ് എന്നിവിടങ്ങളിൽ യൂണിയന്‍ ഓഫീസുകള്‍ ഇടിമുറികളായി പ്രവര്‍ത്തിക്കുന്നെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അസംഘടിതരായ വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് വില നല്‍കുന്നില്ല. ഉന്നത രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങള്‍ കലാപ സ്ഥലങ്ങളാകുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.എസ്.എഫ്.ഐ കുത്തകയാക്കിവെച്ചിരിക്കുന്ന പല കോളേജുകളിലും വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ പോലും കഴിയാത്ത സാഹചര്യമുണ്ട്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കക്ഷി രാഷ്ട്രീയം മാത്രമായി അധ്യാപക സംഘടനകള്‍ അധപതിച്ചെന്നും റിപ്പോര്‍ട്ടില്‍ വിമർശനമുണ്ട്.ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. കമ്മീഷൻ റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണര്‍,മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നൽകും.

റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ

  1. കേരളത്തിലെ കലാലയങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് ഗുരുതര സ്വഭാവം കൈവന്നിട്ടുണ്ട്. അതിശക്തമായ വിമർശനങ്ങൾക്കു ശേഷവും വിദ്യാർത്ഥി സംഘടനകൾ അവരുടെ ശൈലിയിൽ മാറ്റം വരുത്തുന്നില്ല.
  2.  തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഒറ്റപ്പെട്ട കലാലയമല്ല; അന്വേഷണത്തിൽ സമാനമായ സ്ഥിതി മറ്റിടങ്ങളിലും കണ്ടെത്തി.
  3.  കോളേജ് യൂണിയൻ റൂമുകൾ ‘ഇടിമുറികളായി ‘ പ്രവർത്തിക്കുന്നത് യൂണിവേഴ്‌സിറ്റി കോളേജിൽ മാത്രമല്ല ,മറ്റ് നിരവധി കോളേജുകളിൽ ഇടിമുറികൾ പ്രവർത്തിക്കുണ്ടെന്ന വസ്തുത ഞെട്ടലുണ്ടാക്കി.
  4.  നിയമം നോക്കുകുത്തി. അസംഘടിതരായ വിദ്യാർത്ഥികളുടെ പരാതികൾക്കു അധികാരികൾ വില കൽപ്പിക്കുന്നില്ല. അവരുടെ വിലാപങ്ങൾക്ക്
    പരിഹാരം കാണാനാവുന്നില്ല.
  5. കാരണങ്ങൾ: ഉന്നത രാഷ്ട്രീയ നേതൃത്വമാണ് കലാലയങ്ങളെ കലാപ കലുഷിതമാക്കാൻ കൂട്ടുനിൽക്കുന്നത്.പ്രതിസ്ഥാനത്ത് ഒന്നാമത് അവരാണ്.
  6. എൽ.ഡി.എഫ്., യു.ഡി.എഫ് സർക്കാരുകൾ അക്രമ രാഷ്ട്രീയത്തെ തടയുന്നതിൽ പരാജയപ്പെട്ടു.

സർവ്വകലാശാല അധികൃതരും കോളേജ് അധികൃതരും കുറ്റക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കക്ഷി രാഷ്ട്രീയക്കാർ മാത്രമായി അധ:പതിച്ച അധ്യാപക സംഘടനകളിലെ അധ്യാപകർക്ക് രൂക്ഷ വിമർശനമുണ്ട്. പരീക്ഷാ ക്രമക്കേടുകളും തട്ടിപ്പുകളും അനധികൃത പ്രവേശനവും തടയാൻ കർശന നിർദ്ദേശങ്ങളുണ്ട്. പ്രശ്‌നത്തിന്റെ അടിവേരുകൾ അറുക്കുന്ന സർവ്വതല സ്പർശിയായ പരിഹാരം വേണമെന്നും  കലാലയാന്തരീക്ഷത്തിൽ സമഗ്ര മാറ്റം അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also : യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പത്താം പ്രതി മുഹമ്മദ് അസ്ലം പിടിയിൽ

മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്. അവകാശ ധ്വംസനങ്ങളിൽ കടുത്ത നടപടികളെടുക്കാൻ സർവ്വാധികാരങ്ങളുള്ള ഒരു ജുഡിഷ്യൽ നിയമ പരിപാലന സമിതി രൂപീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു. കലാലയങ്ങളിലെ കുട്ടി കുറ്റവാളികളെ കക്ഷി നിറം നോക്കാതെ പുറത്താക്കണമെന്നും പറയുന്നു. റിപ്പോർട്ടിന്റെ പൂർണ്ണ രൂപം മൂന്ന് മണിക്ക് മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കുമായി വിതരണം നടത്തും.

ക്യാമ്പസുകളിലെ അക്രമങ്ങളെ കുറിച്ച് പഠിക്കാൻ ഓൾ ഇന്ത്യാ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here