കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും യുഡിഎഫ് ബഹിഷ്‌കരിച്ചു. തുടർന്ന് പ്രമേയം വോട്ടിനിടുകയായിരുന്നു. 28 അംഗങ്ങളുടെ പിന്തുണ വേണ്ടിടത്ത് എൽഡിഎഫിന്റെ 26 വോട്ട് മാത്രമാണ് പ്രമേയത്തിന് ലഭിച്ചത്. ഇതോടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി കളക്ടർ അറിയിച്ചു.
ആകെയുള്ള 55 കൗൺസിലർമാരിൽ 28 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാക്കാൻ വേണ്ടിയിരുന്നത്. പ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും യുഡിഎഫ് പൂർണ്ണമായും ബഹിഷ്‌കരിക്കുകയായിരുന്നു. രാവിലെ ചേർന്ന യുഡിഎഫ് യോഗത്തിലാണ് അവിശ്വാസ പ്രമേയ ചർച്ച ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്.വരണാധികാരിയായ കളക്ടറുടെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുത്തത്.
കോൺഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷിന്റെ പിന്തുണയോടെ എൽഡിഎഫിലെ മേയർ ഇ.പി ലതയ്‌ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞയാഴ്ച പാസായതിന് പിന്നാലെയാണ് രാഗേഷിനെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗം പുതിയ മേയറെ തെരഞ്ഞെടുക്കും. കോൺഗ്രസിലെ സുമ ബാലകൃഷ്ണനാണ് യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി. എൽഡിഎഫിന് വേണ്ടി മുൻ മേയർ ഇ.പി ലത തന്നെ മത്സരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here