തിരുവനന്തപുരത്ത് ലൂർദ് മൗണ്ട് കാർമൽ സ്‌കൂളിനെതിരെ ആക്രമണം; സ്‌കൂളിലെ ഒരു ബസ് കത്തിച്ചു

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് സ്‌കൂൾ വാഹനങ്ങൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ഒരു സ്‌കൂൾ ബസ് അക്രമികൾ തീവെച്ചു നശിപ്പിച്ചു. ഏഴ് വാഹനങ്ങൾ തല്ലിതകർത്തു. കാഞ്ഞിരംകുളം മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്‌കൂളിലെ വാഹനങ്ങളാണ് നശിപ്പിച്ചത്. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലർച്ചെയാണ് സ്‌കൂളിലെ ആക്രമണം ശ്രദ്ധയിൽപെടുന്നത്. സ്‌കൂളിന് മുൻവശം നിർത്തിയിട്ടിരുന്ന എ.സി സ്‌കൂൾ ബസ് അക്രമികൾ തീവെച്ച് നശിപ്പിച്ചു. പിൻവശത്തു പാർക്ക് ചെയ്തിരുന്ന 6 വാഹനങ്ങൾ തല്ലിത്തകർത്തു. സ്ഥലത്ത് കാഞ്ഞിരംകുളം പോലീസും സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Read Also : ജീവനക്കാരിക്ക് നേരെ സ്‌കൂൾ സൂപ്രണ്ടിന്റെ ഭർത്താവിന്റെ ക്രൂരത; വലിച്ചിഴച്ച് പുറത്തേക്കെറിഞ്ഞു; വീഡിയോ
സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങൾ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. മുഴുവൻ സമയവും സെക്യൂരിറ്റി ജീവനക്കാർ ഉള്ള സ്‌കൂളിൽ ഇത്തരമൊരു അതിക്രമം നടന്നതിന് പിന്നിൽ അട്ടിമറിയുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തെത്തുടർന്ന് ഇന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here